ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ഗസ്സയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് കുട്ടികള്‍ ഉള്‍പ്പെടെ 42 പേര്. ഗസ്സയുടെ വിവിധ ഭാഗങ്ങളിലായി ഇരുനൂറിലേറെ കേന്ദ്രങ്ങളില്‍ നടന്ന വ്യോമാക്രമണത്തില്‍ നിരവധി കെട്ടിടങ്ങളും തകര്‍ന്നു. ഒരാഴ്ച പിന്നിട്ട ആക്രമണത്തില്‍ 58 കുട്ടികള്‍ ഉള്‍പ്പെടെ 192 പേരാണ് ആകെ കൊല്ലപ്പെട്ടത്. ഹമാസിന്റെ തിരിച്ചടിയില്‍ 10 പേര് മരിച്ചതായി ഇസ്രായേല്‍ വ്യക്തമാക്കി. അന്തര്‍ദേശീയ സമ്മര്‍ദം ശക്തമാണെങ്കിലും ഗസ്സക്കു മേലുള്ള ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ വ്യക്തമാക്കി.
തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ കുടുങ്ങി കിടക്കുന്നതായാണ് ഗസ്സയിയില്‍ നിന്നുള്ള വിവരം. വെസ്റ്റ് ബാങ്കില്‍ പുതുതായി മൂന്ന് പേര് കൂടി കൊല്ലപ്പെട്ടു. ജറുസലമിലെ ശൈഖ് ജര്‍റാഹിലും സംഘര്‍ഷം തുടരുകയാണ്. ഗസ്സ മുനമ്പിലെ എല്ലാ ആശുപത്രികളും പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞതായി ആരോഗ്യ പ്രവര്‍ത്തകര്‍ അറിയിച്ചു. വൈദ്യ ഉപകരണങ്ങളും മരുന്നും അടിയന്തരമായി ലഭ്യമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഗസ്സയില്‍ പലയിടങ്ങളിലും വൈദ്യുതി, ജലവിതരണം തടസപ്പെട്ടു.
കിഴക്കന്‍ ജറൂസലം, വെസ്റ്റ് ബാങ്ക്, ലോദ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ അറബ്- ജൂത വംശജര്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്. ഹമാസിനെതിരെ സമ്പൂര്‍ണ ശക്തിയില്‍ ആക്രമണം തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു വ്യക്തമാക്കി. അടിയന്തര വെടിനിര്‍ത്തലിന് എല്ലാ നീക്കവും തുടരുന്നതായി അമേരിക്ക അറിയിച്ചു. ഈജിപ്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെയാണ് നീക്കമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.