തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം നിയമക്കുരുക്കിലേക്ക്. സര്‍ക്കാര്‍ തയ്യാറാക്കിയ സ്ഥലംമാറ്റപ്പട്ടിക ട്രിബ്യൂണല്‍ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിക്കെതിരേ ഹൈക്കോടതിയില്‍ ഹര്ജിനല്കാന് വിദ്യാഭ്യാസവകുപ്പ് അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയിരുന്നു. സ്റ്റേ ലഭിച്ചാല്‍ പട്ടികയനുസരിച്ച് ഈ അധ്യയനവര്‍ഷം സ്ഥലംമാറ്റം നടത്താനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍, തങ്ങളുടെ ഭാഗം കേള്‍ക്കാതെ സ്റ്റേ നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേവിയറ്റ് ഹര്‍ജി നല്കാന് സ്ഥലംമാറ്റത്തെ ചോദ്യംചെയ്ത അധ്യാപകരും ഒരുക്കംതുടങ്ങി.
സ്ഥലംമാറ്റത്തിനായി 2019-ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ചോദ്യംചെയ്യപ്പെട്ടത്. മൂന്നുവര്‍ഷം റെഗുലര്‍ സര്‍വീസുള്ളവര്‍ക്ക് ഓപ്പണ്‍ വേക്കന്‍സികളിലേക്ക് അപേക്ഷിക്കാമെന്നും അപേക്ഷകരില്‍ ഔട്ട് സ്റ്റേഷന് സര്വീസുള്ളവരുണ്ടെങ്കില് സ്ഥലംമാറ്റത്തിനുള്ള മുന്‍ഗണന നിശ്ചയിക്കാന്‍ സേവനകാലാവധി കണക്കാക്കുമെന്നാണ് ഉത്തരവിലെ 2(2) എന്ന ഭാഗത്തിലെ വ്യവസ്ഥ. ഇതനുസരിച്ച്, ഔട്ട്സ്റ്റേഷന് സര്‍വീസിലെ സീനിയോറിറ്റി മാതൃജില്ലയിലെ ഒഴിവിലേക്കുമാത്രം പരിഗണിച്ച് സര്‍ക്കാര്‍ പട്ടിക തയ്യാറാക്കി. ഔട്ട്സ്റ്റേഷന് സീനിയോറിറ്റി മാതൃജില്ലകളിലേക്കു മാത്രമെന്നു ഉത്തരവില്‍ വ്യക്തത ഉണ്ടായില്ല. ഇതു സമീപജില്ലകളിലേക്കും പരിഗണിക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകര്‍ നല്കിയ ഹര്‍ജിയിലാണ് ട്രിബ്യൂണല്‍ വിധി. ഹര്‍ജി ഹൈക്കോടതിയിലെത്തിയാല്‍ വ്യവസ്ഥകളില്‍ സൂക്ഷ്മപരിശോധന നടക്കും. അതിനെ മറികടക്കാന്‍ 2019-ലെ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമവും സര്‍ക്കാര്‍ തുടങ്ങി.