തിരുവനന്തപുരം: വന്ദേഭാരതിന്റെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ഏഴ് മണിക്കൂര്‍ പത്ത് മിനിറ്റെടുത്താണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. രാവിലെ 5.10നാണ് തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ പുറപ്പെട്ടത്. 50 മിനിറ്റെടുത്താണ് ട്രെയിന്‍ കൊല്ലത്ത് എത്തിയത്.
മറ്റ് നാല് ട്രെയിനുകള്‍ ഇതേ സമയത്തില്‍ കൊല്ലത്ത് ഓടിയെത്തും
നിലവില്‍ കേരളത്തില്‍ ഓടുന്ന മറ്റ് നാല് ട്രെയിനുകള്‍ ഇതേ സമയത്തില്‍ കൊല്ലത്ത് ഓടിയെത്തുന്നുണ്ട്. കൊച്ചുവേളി- കോബ്ര എക്സ്പ്രസ്, കൊച്ചുവേളി യശ്വന്തപൂര്‍ ഗരീബ് രഥ്, കൊച്ചുവേളി ഹൂബ്ലി എക്സ്പ്രസ്, കൊച്ചുവേളി യശ്വന്ത്പൂര്‍ എസി എക്സ്പ്രസ് എന്നിവയാണ് 50 മിനിറ്റില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തുന്ന ട്രെയിനുകള്‍. കൊച്ചുവേളി മൈസൂരു എക്സ്പ്രസും രാജ്യറാണി എക്സ്പ്രസും 52 മിനിറ്റില്‍ കൊല്ലത്തെത്തും. ട്രിവാന്‍ഡ്രം- നിസാമുദ്ദീന്‍ എക്സ്പ്രസ് 53 മിനിറ്റില്‍ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെത്തും.
എറണാകുളത്തെത്തുന്നതിലും വ്യത്യാസമില്ല
വന്ദേഭാരത് ട്രെയിന്‍ എറണാകുളത്ത് എത്താന്‍ മൂന്ന് മണിക്കൂര്‍ 17 മിനുറ്റ് ആണ് എടുത്തത്. അതേസമയം തിരുവനന്തപുരത്ത് നിന്ന് മറ്റ് ട്രെയിനുകള്‍ എറണാകുളത്ത് എത്താനെടുക്കുന്ന സമയം വന്ദേഭാരതില്‍ നിന്ന് വലിയ വ്യത്യാസമില്ല. ജനശതാബ്ദി ആലപ്പുഴ വഴി മൂന്ന് മണിക്കൂര്‍ 18 മിനുട്ട് എടുത്ത് എറണാകുളത്ത് എത്തും. ജനശതാബ്ദി കോട്ടയം വഴി നാല് മണിക്കൂര്‍ പത്ത് മിനുട്ട് എടുക്കും. രാജധാനി ആലപ്പുഴ വഴി മൂന്ന് മണിക്കൂര്‍ 15 മിനുട്ട് എടുത്ത് ആണ് എറണാകുളത്ത് എത്തുന്നത്. രാജ്യറാണി കോട്ടയം വഴി എറണാകുളത്ത് എത്താന്‍ നാല് മണിക്കൂര്‍ പത്ത് മിനുറ്റ് എടുക്കും. മലബാര്‍ എക്സ്പ്രസ് കോട്ടയം വഴി അഞ്ച് മണിക്കൂര്‍ 25 മിനുട്ട്. വഞ്ചിനാട് എക്സ്പ്രസ് കോട്ടയം വഴി അഞ്ച് മണിക്കൂര്‍ പത്ത് മിനുറ്റുമാണ് എറണാകുളത്ത് എത്താനെടുക്കുന്ന സമയം.
വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്താനെടുത്ത സമയം ആറ് മണിക്കൂര്‍ ആറ് മിനുറ്റ് ആണ്. എന്നാല്‍ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കോഴിക്കോട് എത്താനെടുക്കുന്ന സമയം ഏഴ് മണിക്കൂര്‍ ഒരു മിനുറ്റ് ആണ്.
ജനശതാബ്ദി എക്സ്പ്രസ് ഒമ്പത് മണിക്കൂര്‍ 35 മിനുറ്റും രാജധാനി ഏഴ് മണിക്കൂര്‍ 57 മിനുറ്റും
ഏഴ് മണിക്കൂര്‍ പത്ത് മിനുറ്റ് എടുത്താണ് വന്ദേഭാരത് തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താന്‍ എടുത്ത സമയം. 12.19 നാണ് ട്രെയിന്‍ കണ്ണൂരിലെത്തിയത്. ഷൊര്‍ണ്ണൂര്‍ പിന്നിട്ടപ്പോള്‍ വേഗത മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു വന്ദേഭാരതിന്. മറ്റ് ട്രെയിനുകളുടെ നോക്കുകയാണെങ്കില്‍ ജനശതാബ്ദി എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കണ്ണൂരിലെത്താന്‍ ഒമ്പത് മണിക്കൂര്‍ 35 മിനുറ്റ് എടുക്കും. രാജധാനി ഏഴ് മണിക്കൂര്‍ 57 മിനുറ്റും എടുക്കുന്നു.