കണ്ണൂര്‍: സംസ്ഥാനത്ത് നിര്‍മ്മാണ മേഖല പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്ത് ക്വാറികളും ക്രഷറുകളും അനിശ്ചിത കാലത്തേക്ക് പണിമുടക്ക് തുടങ്ങി. 630 ക്വാറികളും 1100 ക്രഷറുകളുമാണ് ഇന്നുമുതല്‍ പൂര്‍ണമായും അടച്ചിടുന്നത്. ആള് കേരള ക്വാറി ആന്‍ഡ് ക്രഷര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് സമരം. മഴക്കാലം ആരംഭിക്കാനിക്കെ സമരം തുടങ്ങിയത് പൊതുമരാമത്ത് മേഖലയെ പ്രതികൂലമായി ബാധിച്ചേക്കും. സമരം നീളുന്നത് നിര്‍മ്മാണ മേഖലയെ പ്രതിസന്ധിയിലാക്കും.
ക്വാറി-ക്രഷര്‍ ഉല്പന്നങ്ങള്ക്ക് ഇരട്ടിയിലധികം വില വര്‍ധിപ്പിക്കുന്ന വിധത്തില്‍ മാര്‍ച്ച് 31 ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനമാണ് സമരത്തിന് കാരണമായത്. സര്‍ക്കാര്‍ ഏകപക്ഷീയമായി നടപ്പാക്കിയ പുതിയ നിയമങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഉടമസ്ഥ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ മാസം 17ന് മുമ്പ് വിജ്ഞാപനം പിന്‍വലിക്കുകയോ ചര്‍ച്ച ചെയ്ത് പരിഹാരം കാണുകയോ ചെയ്യണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ തിങ്കളാഴ്ച അനിശ്ചിത കാല സമരം ആരംഭിക്കുമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ യോഗം സര്‍ക്കാരിനെ അറിയിച്ചിരുന്നു.