തെരഞ്ഞെടുപ്പ് ജയം കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വ തലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം. ഇത് ജനങ്ങളുടെ വിജയമായാണ് കാണേണ്ടത്. കേരളത്തേയും, അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നര്‍ക്ക് നല്കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ്. ബി.ജെ.പിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ കൂടി തകര്‍ന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇത് ജനങ്ങളുടെ നേട്ടമാണ്. ഒന്നായി തുടരണമെന്ന് ദൃഢനിശ്ചയം ചെയ്ത എല്ലാവരുടേയും നേട്ടമായി കണക്കാക്കണം. നേട്ടത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നാടു നല്കിയ മറുപടിയാണ്. യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസ്ക്തമാകുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ഏജന്‍സികള്‍, വലതുപക്ഷ വൈരികള്‍ എന്നിവരെല്ലാം സംഘടിതമായി നടത്തിയ നുണ പ്രചാരണങ്ങള്‍ക്ക് ഉചിതമായ മറുപടിയായിരുന്നു ഈ തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് കേരള രാഷ്ട്രീയത്തില്‍ അപ്രസക്തമാവുകയാണ്. ബിജെപിയുടെ അവകാശ വാദങ്ങള്‍ തകര്‍ന്നടിഞ്ഞു. ഒപ്പം വര്‍ഗീയ ശക്തികളുടെ ഐക്യപ്പെടലുകള്‍ക്കും, കുത്തിത്തിരിപ്പുകള്‍ക്കും കേരള രാഷ്ട്രീയത്തില്‍ ഇടമില്ലെന്ന് ഒരിക്കല്‍കൂടി തെളിഞ്ഞു.
2015 ലേക്കാള്‍ മുന്നേറ്റമുണ്ടാക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. കഴിഞ്ഞ തവണ 98 ബ്ലോക്കിലാണ് എല്‍ഡിഎഫ് ജയിച്ചതെങ്കില്‍, ഇക്കുറി 108 ബ്ലോക്കുകളില്‍ വിജയിച്ചു. കോര്‍പറേഷനുകളുടെ കാര്യത്തിലും ആറില്‍ അഞ്ചിടത്ത് വിജയം നേടിക്കൊണ്ട് എല്‍ഡിഎഫ് വന്‍ മുന്നേറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. 940 ഗ്രാമപഞ്ചായത്തുകളാണ് ഉള്ളത്. ഇതില്‍ അഞ്ഞൂറിലേറെ ഇടങ്ങളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടി. ഒരു ശതമാനം പോലും അവിശുദ്ധ കൂട്ടുകെട്ടിനോ, നീക്കുപോക്കിനോ പോകാതെയാണ് എല്‍ഡിഎഫ് ഈ വിജയം സ്വന്തമാക്കിയത്.
സംസ്ഥാനത്ത് അധികാരത്തിലുണ്ടായ മുന്നണി പുറകോട്ട് പോകുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും കണ്ടത്. എന്നാല്‍ ഇത്തവണ ഭരണത്തിലിരിക്കുന്ന മുന്നണി വന്‍ വിജയം നേടി. ഇത് ഏതെങ്കിലുമൊരു ഒറ്റപ്പെട്ട മേഖലയില്‍ അല്ല, മറിച്ച് സംസ്ഥാനത്തുടനീളം കണ്ടു. ഇടതുമുന്നണി സമഗ്ര ആധിപത്യം ഉണ്ടാക്കി.
ജാതി മത ഭേദമന്യേ എല്ലാവരും എല്‍ഡിഎഫിനെ പിന്താങ്ങി. കേരളത്തിന്റെ മനസ് മതനിരപേക്ഷതയ്ക്കൊപ്പമാണ്. വര്‍ഗീയതയ്ക്കെതിരെ പോരാടാന്‍ എല്‍ഡിഎഫാണ് ഇവിടെ ഉള്ളത് എന്ന് കേരള ജനത തിരിച്ചറിയുന്നു. തെറ്റായ പ്രചാരണം നടത്തുന്നവരുടെ കൂടെയല്ല നമ്മുടെ നാടിന്റെ മനസ്. ആസൂത്രിതമായി സൃഷ്ടിക്കുന്ന വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കാനും, അതിലൂടെ എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും തകര്‍ക്കാനും ചില മാധ്യമങ്ങള്‍ ഈ ഘട്ടത്തില്‍ ശ്രമിച്ചിട്ടുണ്ട്. ഒറ്റ ഉദ്ദേശമേ അതിനുള്ളു. ജനങ്ങളെ കഴിയാവുന്നത്ര തെറ്റിദ്ധരിപ്പിക്കുക. എന്നാല്‍ അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ ജനങ്ങള്‍ തയാറായില്ല.
സര്‍ക്കാര്‍ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ നടത്തിയ ജനസേവന പദ്ധതികള്‍ക്കും, പുരോഗമനത്തിനും വലിയ ജനപിന്തുണയാണ് ഉണ്ടായത്. അത് തന്നെയാണ് തെരഞ്ഞെടുപ്പ് ഫലത്തിന് കാരണവും. ഈ പുരോഗമന പദ്ധതികള്‍ നിലനിന്ന് പോകണമെന്ന് ജനങ്ങള്‍ ആഗ്രഹിച്ചു.
ബിജെപിയും കോണ്‍ഗ്രസും അപവാദങ്ങള്‍ പ്രചരിപ്പിച്ചു. കേന്ദ്ര ഏജന്‍സികളെ ദുരുപയോഗിച്ചു. ചില മാധ്യമങ്ങളേയും കൂട്ടുപിടിച്ചു. കുപ്രചരണങ്ങള്‍ തള്ളിക്കളഞ്ഞ് എല്‍ഡിഎഫിന് വന്‍ പിന്തുണ ജനങ്ങള്‍ നല്കി.