സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ ജനങ്ങള്‍ നല്കിയ വലിയ പിന്തുണയില്‍ അവരോട് നന്ദി അറിയിക്കുന്നു. കേരളത്തിലെ മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇടതുപക്ഷ മുന്നണിക്ക് എതിരായി വലിയ കളവുകളും ദുഷ്പ്രചാരണങ്ങളുമാണ് കേരളത്തിലെ പ്രതിപക്ഷം നടത്തിയതെന്നും എ. വിജയരാഘവന് പറഞ്ഞു.
മുന്‍പ് ഒരു തെരഞ്ഞെടുപ്പിലും കേരളത്തില്‍ ഇത്രയേറെ വിഷലിബ്ദമായ അപവാദ പ്രചാരണങ്ങള്‍ കേട്ടിട്ടില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ആ പ്രചാരണങ്ങള്‍ വിശ്വസിച്ചില്ലെന്ന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളോടുള്ള പിന്തുണയാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചത്. സര്‍ക്കാര്‍ വളരെ പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്.
പ്രകൃതി ദുരന്തങ്ങള്‍, കൊവിഡ് അടക്കമുള്ളവ നേരിട്ടപ്പോഴും കേന്ദ്ര നികുതി വിഹിതം കൃത്യമായി തരാഞ്ഞത് സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കി. ആ സമയത്തും ജനങ്ങളോടുള്ള കരുതല്‍ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും മാറ്റിവച്ചില്ല. എന്നാല്‍ സര്‍ക്കാരിനെതിരായ തെറ്റായ പ്രചാരണങ്ങള്‍ നടത്താനാണ് പ്രതിപക്ഷം ശ്രമിച്ചത്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ പ്രതിപക്ഷം ശ്രമിച്ചുവെന്നും എ. വിജയരാഘവന് പറഞ്ഞു.