ഇംഗ്ലണ്ടില്‍ ടാക്സി ഡ്രൈവറുടെ ഇടപെടലിലൂടെ ഒഴിവായത് വന്‍ ഭീകരാക്രമണം. സംശയം തോന്നിയ യാത്രക്കാരനെ കാറിനുള്ളില്‍ പൂട്ടിയിട്ട ഡേവിഡ് പെറി എന്ന ടാക്സി ഡ്രൈവര്‍ നിരവധിയാളുകളുടെ ജീവനാണ് രക്ഷിച്ചത്. കാറിനുള്ളില്‍ അകപ്പെട്ട ഭീകരന് നിമിഷങ്ങള്‍ക്കുള്ളില്‍ സ്വയം പൊട്ടിത്തെറിച്ചു.
സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡേവിഡ് പെറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെറിയുടെ ചെവിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പെറിയുടെ ടാക്സിയില്‍ കയറിയ ആള് ആദ്യം പള്ളിയിലേയ്ക്ക് പോകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ പെട്ടെന്ന് തന്നെ ഇയാളുടെ മനസ് മാറുകയും വനിതാ ആശുപത്രിയിലേയ്ക്ക് പോകാന്‍ പെറിയോട് ആവശ്യപ്പെടുകയുമായിരുന്നു.
ഇതോടെ പെറിയ്ക്ക് സംശയം തോന്നി. പിന്നീട് യാത്രക്കാരന്റെ വസ്ത്രത്തില്‍ എന്തോ പ്രകാശിക്കുന്നത് കൂടി ശ്രദ്ധയില്‍പ്പെട്ടതോടെ പെറി കാര്‍ ലോക്ക് ചെയ്യുകയും വാഹനത്തില്‍ നിന്ന് ചാടിയിറങ്ങുകയും ചെയ്തു.
ഡേവിഡ് പെറിയുടെ മനസാന്നിദ്ധ്യത്തെയും ധീരതയെയും പ്രശംസിച്ച് സമൂഹ മാധ്യമങ്ങളില്‍ നിരവധിയാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ‘ലിവര്‍പൂള്‍ ഹീറോ’ എന്നാണ് ആളുകള്‍ പെറിയെ വിശേഷിപ്പിക്കുന്നത്. മറ്റുള്ളവരുടെ ജീവന് സംരക്ഷിക്കാനായി സ്വന്തം ജീവന് പണയപ്പെടുത്തിയ ഡേവിഡ് പെറിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവരും നിരവധിയാണ്.