വേങ്ങൂര്‍ കുടിവെള്ള പദ്ധതിയുടെ പൂര്‍ണതോതിലുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചതായി എല്‍ദോസ് പി. കുന്നപ്പിള്ളില്‍. പദ്ധതിക്കായി 82 കോടി രൂപയാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. വേങ്ങൂര്‍, അശമന്നൂര്‍, മുടക്കുഴ എന്നീ പഞ്ചായത്തുകള്‍ക്ക് വേണ്ടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പെരിയാറില്‍ പാണം കുഴിയില്‍ നിലവിലുള്ള പമ്പ് ഹൗസിന് സമീപം പുതിയ കിണറും മറ്റൊരു പമ്പ് ഹൗസും സ്ഥാപിച്ച ശേഷം അവിടെ നിന്ന് 450 എം.എം വ്യാസമുള്ള പൈപ്പിലൂടെ മുടക്കുഴ പഞ്ചായത്തിലെ ചൂരമുടിയില്‍ സ്ഥാപിക്കുന്ന 10 എം.എല്‍.ഡി ജലശുദ്ധികരണ ശാലയില്‍ എത്തിക്കുന്നു. അവിടെ ജലം ശുദ്ധികരിച്ച ശേഷം 3 പഞ്ചായത്തുകളിലേക്കും കുടിവെള്ള വിതരണം നടത്തുന്നതാണ് പദ്ധതി.
വക്കുവള്ളി, മുനിപ്പാറ, ചൂരമുടി എന്നിവിടങ്ങളില്‍ ഉന്നത ജലസംഭരണികള്‍ സ്ഥാപിക്കും. അവിടെ നിന്ന് വേങ്ങൂര്‍ പഞ്ചായത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലേക്കും ശുദ്ധജലം ലഭ്യമാക്കും. പെട്ടമലയിലും ചൂരമുടിയിലും സ്ഥാപിക്കുന്ന ജലസംഭരണികളില്‍ നിന്നാണ് മുടക്കുഴ പഞ്ചായത്തില്‍ ശുദ്ധജലം എത്തുന്നത്. ഓടക്കാലിയില്‍ ബൂസ്റ്റിങ് സ്റ്റേഷന് സ്ഥാപിച്ചു പൂമാല, കല്ലില്‍, ഓടക്കാലി എന്നിവിടങ്ങളില്‍ സ്ഥാപിക്കുന്ന ജലസംഭരണികളില്‍ നിന്ന് അശമന്നൂര്‍ പഞ്ചായത്തിലേക്കുള്ള കുടിവെള്ളം പദ്ധതി വഴി ലഭ്യമാക്കും.
പദ്ധതിക്കായി പ്ലാന്റ് സ്ഥാപിക്കുന്നതിന് ചൂരമുടിയില്‍ സ്ഥലം ഏറ്റെടുക്കേണ്ടി വരും. കൂടാതെ ജലസംഭരണികള്‍ക്കായി മുനിപ്പാറ 15 സെന്റ്, ചൂരമുടി,വക്കുവള്ളി എന്നിവിടങ്ങളില്‍ 20 സെന്റ് വീതവും ഏറ്റെടുക്കണം.മുടക്കുഴ പഞ്ചായത്തില്‍ പെട്ടമലയിലും അശമന്നൂരില്‍ ഓടക്കാലി, കല്ലില്‍ എന്നീ ഭാഗങ്ങളില്‍ 20 സെന്റ് സ്ഥലവും പൂമലയില്‍ 15 സെന്റ് സ്ഥലവും ജലസംഭരണിക്കായി ഏറ്റെടുക്കേണ്ടി വരും.