തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വര്‍ക്കല ശിവഗിരിയിലെത്തി ധര്‍മ്മ സംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുമായി കൂടിക്കാഴ്ച്ച നടത്തി. മഹാസമാധിയില്‍ ദര്‍ശനവും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാവും അവര്‍ തിരികെ തൃക്കാക്കരയിലേക്ക് മടങ്ങുക. തെരഞ്ഞെടുപ്പില്‍ ശിവഗിരി മഠത്തിന്റെ പിന്തുണ തേടാനാണ് സ്ഥാനാര്‍ത്ഥി എത്തിയത്.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണം രണ്ടാം ഘട്ടത്തിന്റെ അവസാനത്തിലേക്ക് എത്തുന്നതോടെ ഓരോരുത്തരെയും നേരില്‍ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. സ്ഥാനാര്‍ത്ഥികളുടെ മണ്ഡല പര്യടനങ്ങള്‍ക്കും ഇന്ന് തുടക്കമാകും. ഇടതു മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രിയ്ക്ക് പുറമേ, മന്ത്രിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ നേരിട്ടാണ് വിലയിരുത്തുന്നത്.
മന്ത്രിമാര്‍ മതവും ജാതിയും തിരിഞ്ഞ് പ്രചാരണം നടത്തുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളെ ശക്തമായി നേരിടാനാണ് ഇടതു മുന്നണിയുടെ തീരുമാനം. സര്‍ക്കാര്‍ സംവിധാനം ഇടതു മുന്നണി ദുരുപയോഗം ചെയ്യുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
യുഡിഎഫ് സിറ്റിംഗ് മണ്ഡലം പിടിച്ചു നിര്‍ത്താന്‍ അരയും തലയും മുറുക്കി തന്നെ രംഗത്ത് ഉണ്ട്. രാഹുല്‍ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളെ ഉമയ്ക്ക് വോട്ട് അഭ്യര്‍ത്ഥിക്കാന്‍ തൃക്കാക്കരയില്‍ എത്തിക്കാനാണ് യുഡിഎഫ് ക്യാമ്പിന്റെ ശ്രമം. ചിന്തന്‍ ശിബിരം കഴിഞ്ഞതിനാല്‍ കൂടുതല്‍ നേതാക്കളും വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ ഉണ്ടാകും. താര പ്രചാരകരെ കൊണ്ടുവന്ന് തൃക്കാക്കരയില്‍ ഓളം ഉണ്ടാക്കാനാണ് എന്‍ഡിഎ നീക്കം.