കെ റെയില്‍ സല്വര്ലൈന് പദ്ധതിക്ക് ബദല്‍ നിര്‍ദേശവുമായി മെട്രോമാന് ഇ ശ്രീധരന്. നിലവിലെ റെയില്‍ പാതയുടെ വികസനം കൊണ്ട് തന്നെ വേഗത്തിലുള്ള യാത്ര സാധ്യമാക്കുന്നതാണ് പദ്ധതിയെന്നും ജനങ്ങളില്‍ നിന്നും അഭിപ്രായം ശേഖരിച്ച ശേഷം പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും ഇ ശ്രീധരന് പറഞ്ഞു. പൊന്നാനിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനുമായി നടത്തിയ കൂടികാഴ്ച്ചക്ക് ശേഷമായിരുന്നു പ്രതികരണം.
‘റോഡിലെ തിരക്ക് കുറയാനായി ആദ്യം ഹൃസ്വകാല പദ്ധതിയാണ് വേണ്ടത്. ഏത് പ്രൊജക്ട് വരാനും സമയമെടുക്കും. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ അഞ്ച് വര്‍ഷം മതിയാവില്ല. 12 വര്‍ഷമെങ്കിലും എടുക്കും.’ ഇ ശ്രീധരന് പറഞ്ഞു.
രണ്ട് തരത്തിലുള്ള പദ്ധതിയുടെ വിശദ്ദമായ റിപ്പോര്‍ട്ടുകളാണ് റിപ്പോര്‍ട്ടിലുണ്ടാവുക. നിലവിലെ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെ ഹൃസ്വകാല പദ്ധതികളും ദീര്‍ഘകാല പദ്ധതികളും ആലോചനയില്‍ ഉണ്ട്. കുറഞ്ഞ ചെലവില്‍ ഉടന്‍ നടപ്പിലാവുന്ന പദ്ധതികളാണ് ആലോചനയില്‍ ഉള്ളതെന്നും ഇ ശ്രീധരന് വ്യക്തമാക്കി.
സില്‍വര്‍ലൈന്‍ പദ്ധതി കേരളത്തിന് വലിയ പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്നും ഒരു വലിയ വിഭാഗം ജനതയെ കുടിയൊഴിപ്പിക്കേണ്ടി വരുമെന്നും വി മുരളീധരനും കുറ്റപ്പെടുത്തി. അതൊരു പ്രായോഗികമല്ലാത്ത പദ്ധതിയാണെന്നും മുരളീധരന് ചൂണ്ടികാട്ടി.