രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ സമരം ഇന്ന് പുനരാരംഭിക്കും. വൈദ്യുതി ഭവന് മുന്നിലാണ് സത്യഗ്രഹ സമരം. ബോര്‍ഡ് ചെയര്‍മാന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുന്നതു വരെ പ്രക്ഷോഭം തുടരുമെന്നാണ് അസോസിയേഷന്റെ നിലപാട്. അതേസമയം ഇടത് തൊഴിലാളി യൂണിയനുമായി തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച നടക്കും.
നേതാക്കളുടെ സസ്പെന്ഷന് പിന്‍വലിച്ചെങ്കിലും, അന്യജില്ലകളിലേക്ക് സ്ഥലം മാറ്റിയ നടപടി അംഗീകരിക്കാന്‍ കഴിയില്ല. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ വൈദ്യുതി ഭവന് ഉപരോധമടക്കമുള്ള കടുത്ത പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് അസോസിയേഷന് മുന്നറയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് വകുപ്പ് മന്ത്രി കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം.
സമരം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും സിപിഐഎം നേതാക്കളും മന്ത്രിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ ഇടപെടല്‍. സ്ഥലം മാറ്റത്തില്‍ പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നാണ് മന്ത്രി കെ കൃഷ്ണന് കുട്ടിയുടെ നിലപാട്.
സമരത്തിനെതിരെ ചെയര്മാന് നടത്തിയ പ്രതികരണം പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. സമരം നീണ്ടു പോയാല്‍ കൂടുതല്‍ ആരോപണങ്ങള്‍ സിപിഐഎം, സിഐടിയു നേതാക്കളില്‍ നിന്നും മന്ത്രിക്കെതിരെ ഉയര്‍ന്നേക്കും.