കോന്നി താലൂക്കിലെ ഉദ്യോഗസ്ഥരുടെ അനധികൃത അവധിയില്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത് കളക്ടര്‍. ജീവനക്കാര്‍ കൂട്ട അവധിയെടുത്തത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായതായും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉല്ലാസ യാത്ര പോയ ജീവനക്കാര്‍ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന് മേല്‍ നടപടി എടുക്കേണ്ടത് ലാന്‍ഡ് റവന്യു കമ്മീഷണറാണ്.
കോന്നിയിലെ കൂട്ട അവധി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ റവന്യൂ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് അവധി നല്കുന്നതില് മാര്‍ഗരേഖ തയ്യാറാക്കാന്‍ നീക്കമുണ്ട്. ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ജനങ്ങള്‍ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പായത് കൊണ്ട് ജീവനക്കാരില്‍ എത്ര ശതമാനം പേര്‍ക്ക് ഒരു ദിവസം അവധി നല്കാമെന്നതില് പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് നീക്കം.
കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയിത്. ആകെയുള്ള 63 പേരില്‍ 21 ജീവനക്കാര്‍ മാത്രമാണ് ഓഫീസില്‍ എത്തിയത്. 20 പേര് അവധി അപേക്ഷ പോലും നല്‍കിയിട്ടില്ലെന്നും വ്യക്തമായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎല്‍എ കെ യു ജനീഷ്കുമാര്‍ തഹസില്‍ദാരെ ഫോണ്‍ വിളിച്ചു ഷുഭിതനായതോടെയാണ് വിഷയം കൂടുതല്‍ ചര്‍ച്ചയായത്.
ജീവനക്കാരുടെ കൂട്ട അവധിയില്‍ ഇടപെട്ട എംഎല്‍എയും ഉദ്യോഗസ്ഥരും തമ്മില്‍ വാക്ക് പോരും വിമര്‍ശനങ്ങളുമുണ്ടായ സ്ഥിതി പിന്നീടുണ്ടായി. കെ യു ജനീഷ് കുമാറിന്റെ ഇടപെടല്‍ മുന്‍കൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമര്‍ശനവുമായി ഡെപ്യുട്ടി തഹസില്‍ദാര്‍ എം സി രാജേഷ് രംഗത്തെത്തിയതോടെയാണ് പോര് കടുത്തത്.