ബിജു പ്രഭാകറിന്റെ പ്രസ്താവനകള്‍ അനുചിതമാണെന്നും തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും എളമരം കരീം എംപി. തൊഴിലാളികള്‍ കൃത്യവിലോപം കാട്ടിയാല്‍ നടപടിക്ക് നിയമമുണ്ട്. അതുപയോഗിക്കണം. കെഎസ്ആര്‍ടിസി ആദായകരമാക്കാനുളള ഏത് നടപടിയെയും യൂണിയനുകള്‍ പിന്തുണയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസി പ്രതിസന്ധി തൊഴിലാളികളുടെ കുറ്റമല്ല. തൊഴിലാളികളുടെ സഹകരണത്തോടെയേ സ്ഥാപനം മുന്നോട്ടുപോകൂ. എല്ലാം സഹിച്ച് ജോലി ചെയ്യുന്ന തൊഴിലാളികള്‍ കൊള്ളക്കാരെന്ന് പറയുന്നത് ശരിയല്ല എളമരം കരീം പറഞ്ഞു.
കെഎസ്ആര്‍ടിസിയിലെ യൂണിയനുകള്‍ക്കെതിരെ ആഞ്ഞടിച്ചും വെട്ടിപ്പുകള്‍ തുറന്നുപറഞ്ഞും മനേജിങ് ഡയറക്ടര്‍ രംഗത്തെത്തിയതിനോടായിരുന്നു എളമരത്തിന്റെ പ്രതികരണം. താല്‍ക്കാലികക്കാരെ കൊണ്ട് ജോലിയെടുപ്പിച്ച് ജീവനക്കാര്‍ ഇഞ്ചികൃഷിയും മഞ്ഞള്‍കൃഷിയുമായി നടക്കുകയാണെന്നായിരുന്നു ബിജു പ്രഭാകറിന്റെ ആരോപണം. അതിനിടെ, ബിജു പ്രഭാകറിനെതിരെ പ്രതിഷേധവുമായി ഐ.എന്‍.ടി.യു.സി തൊഴിലാളികള്‍ രംഗത്തുവന്നു.