തൃശൂര്: കേരള ഹൈക്കോടതി നാട്ടനകളെ സംരക്ഷിയ്ക്കുവാനും, ഉൽസവ ആഘോഷങ്ങളിലെ ആന എഴുന്നള്ളിപ്പ് സുരക്ഷിതമാക്കുവാനും പുറപ്പെടുവി ച്ചിട്ടുള്ള പുതിയ മാർഗ നിർദ്ദേശങ്ങളിൽ പലതും അപ്രയോഗികവും കേരളത്തിലെ ആചാര അനുഷ്ഠാനത്തിൻ്റെ ഭാഗമായി നൂറ്റാണ്ടുകളായി നടക്കുന്ന ഉൽസവ, പൂരം നേർച്ച, പെരുന്നാൾ ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമായ ആന എഴുന്നള്ളിപ്പുകളുടെ അന്തകവിത്തുമായി മാറുമെന്ന് എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ കെ.പി. മനോജ് കുമാർ പറഞ്ഞു.
കേരളത്തിൽ 382 ൽ താഴെ മാത്രം അവശേഷിക്കുന്ന ഒരോ നാട്ടാനയെയും സംരക്ഷിക്കണമെന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ല. പക്ഷെ ആനകളുടെ സംരക്ഷണവും സുരക്ഷയും പറഞ്ഞ് അപ്രായോഗിക നിർദ്ദേശങ്ങൾവെച്ച് കേരളത്തിൽ നൂറ്റാണ്ടുകളായി നടന്ന് കൊണ്ടിരിയ്ക്കുന്ന ലോകപ്രസിദ്ധമായ തൃശ്ശൂർ പൂരം അടക്കം ചെറുതും വലുതുമായ ഉൽസവ പൂരം, നേർച്ച, പെരുന്നാൾ ആഘോഷങ്ങൾ ഇല്ലതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. രാത്രി 10 മണി മുതൽ 4 മണി വരെ ആനകളുടെ യാത്ര പാടില്ല എന്ന് പറഞ്ഞാൽ ദേവമേള എന്ന് അറിയപ്പെടുന്ന 1435 ലേറെ വർഷം പഴക്കമുള്ള പെരുവനം- ആറാട്ടുപുഴ പൂരം അടക്കമുള്ള എല്ലാ രാത്രി പൂരങ്ങളും അവസാനിക്കും. കാലത്ത് 9 മണി മുതൽ വൈകിട്ട് 5 മണി വരെ പൊതുവഴിയിൽ ആന എഴുന്നള്ളിപ്പ് പാടില്ലെന്ന് പറഞ്ഞാൽ തൃശൂർ പൂരം അടക്കം എല്ലാ പൂരങ്ങളും, നേർച്ചകളും, പെരുന്നാളുകളും എന്നന്നേയ്ക്കുമായി അവസാനിയ്ക്കുമെന്നും എലിഫന്റ് വെൽഫെയർ ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.
നാട്ടാന പരിപാലനത്തിലും, ചികിത്സയിലും, സംരക്ഷണത്തിലും നിരവധി അപാകതകൾ ഉള്ളതുകൊണ്ടാണ് ആയിര കണക്കിന് നാട്ടാനകൾ ഉണ്ടായിരുന്ന നമ്മുടെ നാട്ടിൽ അവ ഇന്ന് 382 താഴെ മാത്രമായി അവശേഷിക്കുന്നത്. അത് പരിഹരിക്കണം. അതിൽ ആർക്കും തർക്കമില്ല. അതിന് ആനയുമായി, ഉത്സവവുമായി ബദ്ധപ്പെട്ട സംഘടനാ ഭാരവഹികൾ, സർക്കാർ, കോടതി എന്നിവർ വിശദമായി എല്ലാ കാര്യങ്ങളും ചർച്ച ചെയത് പ്രയോഗിക സമീപനവും, സംരക്ഷണവും നടപ്പിലാക്കണം. പണത്തിനോടുള്ള അമിത ആർത്തിമൂലം പല ആന ഉടമസ്ഥരും, ദേവസ്വങ്ങളും ഈ മേഖലയെ കടുംവെട്ടിന് വിധേയമാക്കിയതും, പരസ്പ്പരം പോരടിച്ച് നിൽക്കുന്നതുമാണ് ഇന്നത്തെ ദുരവസ്ഥയക്ക് കാരണമെന്ന് ട്രസ്റ്റ് സെക്രട്ടറി പി.ശശികുമാർ പറഞ്ഞു.