ട്വിറ്ററിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് ഇ.കൊമേഴ്സ് കമ്പനിയായ ആമസോണും. കഴിഞ്ഞ ഏതാനും പാദങ്ങള്‍ ലാഭകരമല്ലാത്തതിനാല്‍ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാനും ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പിലാക്കാനും ആമസോണ്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
ഈ ആഴ്ചയോടെ 10,000 ജീവനക്കാരെ പിരിച്ചുവിടാനാണ് ആമസോണ്‍ നീക്കമെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലായിരിക്കും ഇത്. ആഗോള തലത്തില്‍ 1.6 ദശലക്ഷത്തിലധികം ജീവനക്കാരുള്ള കമ്പനിയുടെ തൊഴിലാളികളുടെ 1 ശതമാനത്തില്‍ താഴെ മാത്രമേ ഇത് പ്രതിനിധീകരിക്കൂ.
റീട്ടെയില്‍ ഡിവിഷന്, ഹ്യൂമന്‍ റിസോഴ്സ് എന്നിവയ്ക്കൊപ്പം അലക്സ വോയ്സ് അസിസ്റ്റന്റിന്റെ ഉത്തരവാദിത്തം ഉള്‍പ്പടെയുള്ള ഗ്രൂപ്പിനെയാണ് വെട്ടിക്കുറയ്ക്കുന്നത്. മാസങ്ങള്‍ നീണ്ട അവലോകനത്തിന് ശേഷം ആമസോണ്‍ ചില ലാഭകരമല്ലാത്ത യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് കമ്പനിക്കുള്ളിലെ മറ്റ് അവസരങ്ങള്‍ തേടാന്‍ മുന്നറിയിപ്പ് നല്‍കിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം ആമസോണിന്റെ ഷെയര്‍ മൂല്യം 40 ശതമാനത്തോളം ഇടിഞ്ഞു. വിലക്കയറ്റം മൂലം ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും ചെലവഴിക്കാന്‍ പണം കുറവായതിനാലാണിതെന്ന് ആമസോണ്‍ പറയുന്നു.
അതേസമയം ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിനു പിന്നാലെ പിരിച്ചു വിടല്‍ തുടരുകയാണ്. 50% ജീവനക്കാരെയാണ് ട്വിറ്റര്‍ ഒഴിവാക്കിയത്. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും 11,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.