അട്ടപ്പാടി മധു കൊലക്കേസില്‍ സാക്ഷികളുടെ കൂറുമാറ്റം തുടരുന്നു. ഇന്ന് വിസ്തരിച്ച നാല് സാക്ഷികളും കൂറുമാറി. 32, 33, 34, 35 സാക്ഷികള്‍ കൂടി കൂറുമാറി. 32-ാം സാക്ഷി മനാഫ്, 33-ാം സാക്ഷി രഞ്ജിത്, 34-ാം സാക്ഷി മണികണ്ഠന്, 35-ാം സാക്ഷി അനൂപ് എന്നിവര്‍ മൊഴി തിരുത്തിയത്. ഇതോടെ കൂറ് മാറിയവരുടെ എണ്ണം 20 ആയി.
അതേസമയം, കൂറുമാറിയ 29 ആം സാക്ഷി സുനില്‍ കുമാറിനെ മണ്ണാര്‍ക്കാട് എസി എസ്ടി വിചാരണക്കോടതി വീണ്ടും വിസ്തരിച്ചു. ഇന്നലെ കാണിച്ച അതേ ദൃശ്യങ്ങള്‍ വീണ്ടും പ്രദര്‍ശിപ്പിച്ചായിരുന്നു പുനര്‍ വിസ്താരം. മൂന്ന് ദൃശ്യങ്ങള്‍ വീണ്ടും കാണിച്ചതോടെ ഇന്നലെത്തെ മൊഴി സുനില്‍ കുമാര്‍ തിരുത്തി. ദൃശ്യങ്ങളില്‍ ഉള്ളത് എന്നെപ്പോലത്തെ ഒരാളാണെന്നും സുനില്‍ കുമാര്‍ മാറ്റിപ്പറഞ്ഞു.
പ്രതിഭാഗത്തിന്റെ തടസ്സ വാദങ്ങള്‍ പരിഗണിക്കാതെയായിരുന്നു കോടതിയുടെ ഇന്നത്തെ നടപടികള്‍. നേത്ര പരിശോധനയുടെ വിശദമായ റിപ്പോര്‍ട്ട് വരും വരെ കാത്ത് നില്‍ക്കണം എന്ന ആവശ്യവും കോടതി നിരസിച്ചു. സുനില്‍ കുമാറിനെതിരെ നടപടി വേണമെന്ന പ്രോസിക്യൂഷന് ഹര്‍ജി നാളെ പരിഗണിക്കും.
മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്നതും കള്ളന് എന്ന് പറഞ്ഞ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കണ്ടുവെന്നായിരുന്നു സുനില്‍ കുമാര്‍ ആദ്യം പൊലീസിന് നല്കിയ മൊഴി. എന്നാല്‍ ഈ മൊഴി കോടതിയില്‍ സുനില്‍ തിരുത്തി. ഇതോടെ, പ്രോസിക്യൂഷന് ആ ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും കോടതി അനുമതി നല്‍കുകയും ചെയ്തു. മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ടുവരുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. സാക്ഷിയായ സുനില്‍ കുമാര്‍ നോക്കി നില്ക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.
എന്നാല്‍ ഇതോടെ തനിക്ക് കാഴ്ചക്ക് കുറവുണ്ടെന്നും ഒന്നും കാണുന്നില്ലെന്നുമായിരുന്നു സാക്ഷി കോടതിയെ അറിയിച്ചത്. പിന്നാലെ ഇടപെട്ട കോടതി ഇയാളുടെ കാഴ്ച പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പാലക്കാട് ആശുപത്രിയില്‍ വെച്ച് പരിശോധന നടത്തുകയും കാഴ്ചക്ക് പ്രശ്നങ്ങളില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.