കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി തൊഴിലാളികള്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്. ടിഡിഎഫ് വര്‍ക്കിംഗ് പ്രസിഡന്റ് എം വിന്‍സെന്റ് എംഎല്‍എയുടെ നേതൃത്വത്തില്‍ കെഎസ്ആര്‍ടിസി സിഎംഡിക്ക് പണിമുടക്കിന് നോട്ടീസ് നല്കി.
സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അനിശ്ചിതകാല പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തുന്നത്. 28 ശതമാനം തൊഴിലാളികളാണ് ടിഡിഎഫില്‍ അംഗങ്ങളായുള്ളത്. മുഖ്യമന്ത്രിയുമായുള്ള ചര്‍ചയില്‍ എല്ലാ മാസവും 5 ന് മുമ്പ് ശമ്പളം കിട്ടുമെന്ന ഉറപ്പുള്ളതിനാല്‍ തല്ക്കാലം പണിമുടക്കേണ്ട എന്നാണ് സിഐടിയു, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ തീരുമാനം.
സര്‍ക്കാര്‍ സഹായിച്ചിട്ടും ശമ്പളം പോലും നല്കാനാവാത്തത് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. സത്യങ്ങള്‍ മറച്ചുവച്ചാണ് ചില സംഘടനകളുടെ പ്രചാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കുമെന്നും സിംഗിള്‍ ഡ്യൂട്ടിയില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.