കണ്ണൂര്‍ സര്‍വകലാശാലാ നിയമനവിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസ്. നിയമനത്തില്‍ മാനദണ്ഡമായി പറയുന്ന റിസര്‍ച്ച് സ്കോറായി കാണിക്കുന്നത് കംപ്യൂട്ടര്‍ സോഫ്റ്റ്വെയര് അടയാളപ്പെടുത്തിയ അക്കങ്ങളാണെന്നും ഇത് സര്‍വകലാശാല നേരിട്ട് പരിശോധിച്ചിട്ടില്ലെന്നും പ്രിയ വിശദീകരിച്ചു. തന്റെ 156 പോയിന്റും ജോസഫ് സ്കറിയയുടെ 651ഉം സ്വന്തം അവകാശവാദം മാത്രമാണെന്നും അവര്‍ പറഞ്ഞു.
ഇന്റര്‍വ്യൂവില്‍ പങ്കെടുത്തവരില്‍ ഏറ്റവും കുറഞ്ഞ റിസര്‍ച്ച് സ്കോറുള്ളത് പ്രിയയ്ക്കാണെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനോടാണ് ഫേസ്ബുക്കില്‍ പ്രിയയുടെ വിശദീകരണം. റിസര്‍ച്ച് സ്കോര്‍ ചുരുക്കപ്പട്ടിക തയാറാക്കാന്‍ മാത്രമേ ഉപയോഗിക്കാവുള്ളൂ എന്ന് യു.ജി.സി ചട്ടമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അഭിമുഖം ഓണ്‍ലൈനായിരുന്നു. അത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അതുകൂടി വിവരാവകാശ പ്രകാരം മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യണമെന്നും ആത്മവിശ്വാസക്കുറവില്ലാത്തതിനാല്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും പ്രിയ വ്യക്തമാക്കി.
കോവിഡ് കാലമായിരുന്നതു കൊണ്ട് അപേക്ഷ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ ഓണ്‍ലൈന്‍ ഡാറ്റാ ഷീറ്റിലെ ഓരോ കോളത്തിലും നമ്മള് ടൈപ്പ് ചെയ്തു കൊടുക്കുന്ന മുറക്ക് സ്കോര്‍ കോളത്തില്‍ തത്തുല്യമായ അക്കം ഓട്ടോ ജനറേറ്റ് ആവും. അങ്ങനെ അപേക്ഷ പൂരിപ്പിച്ചു കഴിയുമ്പോള്‍ നമ്മുടെ ആകെ സ്കോറും ഓട്ടോ ജനറേറ്റ് ആയി വരും. ഇങ്ങനെ ഓണ്‍ലൈന്‍ അപേക്ഷയില്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വെയര് അടയാളപ്പെടുത്തിയ അക്കങ്ങളാണ് ഇപ്പോള്‍ ഈ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്മേല് സര്‍വകലാശാല നേരിട്ടുള്ള ഒരു തെളിവെടുപ്പ് നടത്തിയിട്ടില്ല. അതായത് എന്റെ 156ഉം അപരന്റെ 651ഉം എല്ലാം ഞങ്ങളുടെ അവകാശ വാദങ്ങള്‍ മാത്രമാണ്- ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഒരു നിശ്ചിത കട്ട് ഓഫിനു ശേഷമുള്ള റിസര്‍ച്ച് സ്കോര്‍ പണ്ടും കണക്കിലെടുത്തിരുന്നില്ലല്ലോ! അന്ന് പത്തു പ്രബന്ധമുണ്ടെങ്കില്‍ അഞ്ചെണ്ണത്തിന് മാത്രമേ മാര്‍ക്ക് കൂട്ടിയിരുന്നുള്ളൂ. അപ്പോഴും ഈ പറയുന്ന ഇന്റര്‍വ്യൂവിന് മാര്‍ക്ക് കൂട്ടിക്കൊടുത്തുവെന്ന ദുരാരോപണത്തിന് സാധ്യതയുണ്ടായിരുന്നു. ഇതിപ്പോ കണ്ണൂര്‍ സര്‍വകലാശാലയുടെ ഇന്റര്‍വ്യൂ ഓണ്‍ലൈനായി നടന്നതായതു കൊണ്ട് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അതും കൂടി വിവരാവകാശം ചോദിച്ച് എടുത്തുവച്ച് ചാനലില്‍ സംപ്രേഷണം ചെയ്യ്. അതില്‍ മാത്രം ഇനി ചാനല്‍ വിധിനിര്‍ണയം നടന്നില്ലെന്നു വേണ്ട. ഒട്ടും ആത്മവിശ്വാസക്കുറവില്ലാത്തതുകൊണ്ട് ഞാന്‍ അതിനെ സുസ്വാഗതം ചെയ്യുന്നുവെന്നും അവര്‍ കുറിച്ചു.
നിര്‍ദേശിക്കപ്പെട്ട അധ്യാപക നിയമന പരിചയവും പ്രിയയ്ക്കില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍, ഡെപ്യൂട്ടേഷന് കാലയളവ് അധ്യാപന പരിചയമായി കണക്കാക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമന നടപടികളുമായി മുന്നോട്ടുപോയതെന്നാണ് സര്‍വകലാശാല പ്രതികരിച്ചത്. അപേക്ഷകരെ വിലയിരുത്തുന്നതിനുള്ള സ്വാതന്ത്ര്യം വിഷയ വിദഗ്ധര്‍ക്കാണ്. കൂടിയ റിസര്‍ച്ച് സ്കോര്‍ ഉള്ളവര്‍ തഴയപ്പെട്ടുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും സര്‍വകലാശാലയുടെ വിശദീകരണ കുറിപ്പിലുണ്ട്.
വിവാദങ്ങള്‍ക്കിടെ പ്രിയയുടെ ഡെപ്യൂട്ടേഷന് സംസ്ഥാന സര്‍ക്കാര്‍ നീട്ടിയിരുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡെപ്യൂട്ടി ഡയറക്ടര്‍ പദവിയാണ് ഒരു വര്‍ഷത്തേക്കാണ് നീട്ടിയത്. കേരള വര്‍മ കോളജിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു പ്രിയ. കഴിഞ്ഞ ജൂണ്‍ 27നാണ് കണ്ണൂര്‍ സര്‍വകലാശാലാ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗീസ് നിയമിതയാകുന്നത്. മതിയായ യോഗ്യതയില്ലാതെയാണ് നിയമനമെന്ന തരത്തില്‍ നേരത്തെ തന്നെ പരാതി ഉയര്‍ന്നതിനു പിന്നാലെ നിയമോപദേശം തേടിയ ശേഷമായിരുന്നു സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് നിയമനത്തിന് അംഗീകാരം നല്‍കിയത്.
യു.ജി.സി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയയ്ക്കില്ലെന്ന് നേരത്തെയും ആക്ഷേപമുയര്‍ന്നിരുന്നു. ഗവേഷണ ബിരുദവും എട്ടു വര്‍ഷം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസറുടെ യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലാ പുറത്തിറക്കിയ വിജ്ഞാപനത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍, 2012ല്‍ തൃശൂര്‍ കേരളവര്‍മ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നേടിയ പ്രിയ വര്‍ഗീസ് സര്‍വീസിലിരിക്കെ മൂന്നു വര്‍ഷത്തെ അവധിയെടുത്ത് ഗവേഷണം നടത്തിയാണ് പി.എച്ച്.ഡി നേടിയത്. ഗവേഷണം കഴിഞ്ഞ് 2019ലാണ് സര്‍വീസില്‍ തിരിച്ചുകയറുന്നത്.
പ്രിയയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന പരാതിയില്‍ ഗവര്‍ണര്‍ നേരത്തെ വിശദീകരണം തേടിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വി.സിയോടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശദീകരണം തേടിയത്.