ഡല്‍ഹി: സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണ രാജ്യത്തെ അഭിസംബോധന ചെയ്തത് ടെലിപ്രോംപ്റ്റര്‍ ഇല്ലാതെ. ടെലിപ്രോംപ്റ്ററിന് പകരം കടലാസിലാണ് അദ്ദേഹം വരികള്‍ കുറിച്ചുവന്നത്. 82 മിനിറ്റ് നീണ്ടതായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രസംഗം. ഒമ്പതാമത്തെ തവണയാണ് മോദി ചെങ്കോട്ടയില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
ആദ്യമായല്ല പ്രധാനമന്ത്രി ഇത്തരത്തിലൊരു പ്രഭാഷണം നടത്തുന്നത്. 2014ല്‍ ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴും പ്രോംപ്ടര്‍ ഇല്ലാതെയാണ് മോദി പ്രസംഗിച്ചത്. അന്ന് ചെറിയ കുറിപ്പുകള്‍ മാത്രമാണ് മോദി കൈവശം വെച്ചിരുന്നത്.
പുതിയ തീരുമാനങ്ങളോടെ പുതിയ ദിശയിലേക്ക് ചുവടു വെയ്ക്കാനുള്ള ദിവസമാണിതെന്ന് നരേന്ദ്ര മോദി ഇന്നത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു. ‘ഐതിഹാസിക ദിവസമാണിത്. ലോകത്തിന്റെ എല്ലാ കോണിലും ത്രിവര്‍ണമണിയുന്ന ദിവസം. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. അടുത്ത 25 വര്‍ഷം രാജ്യത്തിന് പ്രധാനമാണ്. നമുക്ക് വലിയ പദ്ധതികളുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘രാജ്യത്തിനായി അഞ്ച് പ്രതിജ്ഞയും പ്രധാനമന്ത്രി മുന്നോട്ടുവെച്ചു. വികസനം പരമ പ്രധാനം, എല്ലാ അര്‍ഥത്തിലുമുള്ള സ്വാതന്ത്ര്യം, ഇന്ത്യയുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക, അഖണ്ഡത കാത്തുസൂക്ഷിക്കുക, പൗരധര്‍മം പാലിക്കുക എന്നീ പ്രതിജ്ഞകളാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. സ്റ്റാര്‍ട്ടപ്പുകളുടെ വിജയഗാഥക്കൊപ്പം ഗ്രാമങ്ങളില്‍ നാല് ലക്ഷം സംരംഭകരുണ്ടായത് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ വിജയമാണെന്നും മോദി അവകാശപ്പെട്ടു.
സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ വി.ഡി സവര്‍ക്കറെയും മോദി അനുസ്മരിച്ചു. സ്വാമി വിവേകാനന്ദനെയും ശ്രീനാരായണ ഗുരുവിനെയും അനുസ്മരിച്ച മോദി, വി.ഡി സവര്‍ക്കറുടെ പേരും എടുത്തു പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് പോരാടിയ ഗാന്ധിജിയുടെയും നേതാജിയുടെയും അംബേദ്കറുടെയും പേരിനൊപ്പമാണ് വി.ഡി സവര്‍ക്കറെയും മോദി അനുസ്മരിച്ചത്.
ത്രിവര്‍ണ്ണ പതാക വരകളുള്ള തലപ്പാവും പരമ്പരാഗത കുര്‍ത്തയും നീല ജാക്കറ്റും കറുത്ത ഷൂസും ധരിച്ചാണ് ദേശീയ പതാകയുയര്ത്താനായി മോദി ചെങ്കോട്ടയില്‍ എത്തിയത്.