സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സാനിറ്ററി പാഡുകളെക്കുറിച്ചു പരാമര്‍ശിച്ചതു സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വളരെ പ്രാധാന്യത്തോട് കൂടിയാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഓരോ നേട്ടവും എണ്ണിപ്പറഞ്ഞ മോദി ഒരു രൂപയ്ക്ക് സാനിറ്ററി പാഡ് വിതരണം ചെയ്തതും പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ആര്‍ത്തവ ശുചിത്വം പാലിക്കാന്‍ ചെറിയ രൂപയ്ക്ക് പാഡുകള്‍ ലഭ്യമാക്കിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ആര്‍ത്തവത്തെക്കുറിച്ചു നിലനില്‍ക്കുന്ന ഭ്രഷ്ടുകള് തകര്‍ക്കുന്ന ചുവടുവയ്പാണു പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് പലരും ട്വിറ്ററില്‍ കുറിച്ചു.
നമ്മുടെ സഹോദരിമാരുടെയും പെണ്മക്കളുടെയും ആരോഗ്യത്തെക്കുറിച്ച് ഈ സര്‍ക്കാര്‍ ഏറെ ഉത്കണ്ഠപ്പെടുന്നുണ്ട്. 6000 ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ അഞ്ചു കോടി സ്ത്രീകള്‍ക്ക് ഒരു രൂപയ്ക്കു സാനിറ്ററി പാഡുകള്‍ ലഭ്യമാക്കി. പാവപ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് പണം സ്വരൂപിക്കുന്നതിന് കമ്മിറ്റികളെ നിയോഗിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി. സ്ത്രീ ശാക്തീകരണത്തിനു വേണ്ടിയാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. നാവിക സേനയും വ്യോമസേനയും സ്ത്രീകളെ യുദ്ധത്തില്‍ പങ്കെടുപ്പിക്കുന്നു. മുത്തലാക്ക് നിര്‍ത്തലാക്കി. വനിതകള്‍ ഇപ്പോള്‍ നേതൃനിരയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ത്തവത്തെക്കുറിച്ച് ഒരു പ്രധാനമന്ത്രി പരാമര്‍ശിക്കുകയെന്നത് അപൂര്‍മാണെന്നു പലരും ട്വിറ്ററില്‍ പ്രതികരിച്ചു. ‘എന്റെ കുടുംബത്തിലെ ഏതെങ്കിലും ഒരു പുരുഷനോട് സാനിറ്ററി പാഡ് വാങ്ങാന്‍ ആവശ്യപ്പെട്ടാല്‍ ആരും ചെയ്യാറില്ല. എന്നാല്‍ ‘എന്റെ പ്രധാനമന്ത്രി’ ഏറെ ഉയരത്തിലേക്കു പോയി. മികച്ച ശുചിത്വത്തിനായി കുറഞ്ഞവിലയ്ക്ക് സാനിറ്ററി പാഡ് ലഭ്യമാകുന്നതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ധീരത. ഇതാണ് ഞങ്ങള്‍ ആവശ്യപ്പെടുന്ന പുരുഷന്.’ – ഒരു സ്ത്രീ ട്വിറ്ററില്‍ കുറിച്ചു. ചെങ്കോട്ടയില്‍ വച്ച് പ്രധാനമന്ത്രി ആര്‍ത്തവത്തെ കുറിച്ച് സംസാരിച്ചത് പുരോഗമനപരമായ മാറ്റമാണെന്നും കമന്റുകളുണ്ട്.