രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന് ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാവര്ക്കും ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. രോഗകാലഘട്ടത്തില്‍ സാങ്കേതിക വിദ്യയുടെ ഉപയോഗം സുപ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തീരുമാനിച്ചത് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. ലക്ഷക്കണക്കിന് രാജ്യസ്നേഹികളുടെ ത്യാഗത്തിന്റെ ഫലമാണ് സ്വാതന്ത്ര്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരത്തില്‍ കണ്ണുവെച്ചവര്‍ക്ക് സൈന്യം തക്ക മറുപടി നല്‍കിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യം ഭീകരതക്കും അധിനിവേശത്തിനുമെതിരെ പോരാടുകയാണ്. അയല്‍ രാജ്യങ്ങളുമായി സൗഹൃദവും സഹവര്‍ത്തിത്വവും ആണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഗാല്‍വാനിലെ ധീര സൈനികരെ ആദരിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ദേശീയ സൈബര്‍ സുരക്ഷാ നയവും ഉടനുണ്ടാകും. നിയമം കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. മേയ്ക്ക് ഫോര്‍ വേള്‍ഡ് ആണ് ഇനിയുള്ള ലക്ഷ്യം. ലോകത്തിനു വേണ്ടി ഉത്പന്നങ്ങള്‍ നിര്‍മ്മിക്കണം. ഇന്ത്യയിലെ മാറ്റങ്ങള്‍ ലോകം ഉറ്റുനോക്കുന്നുണ്ട്. ലോകോത്തര ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയ്ക്ക് ആകും. നൈപുണ്യ വികസനം അനിവാര്യമാണ്. രാജ്യത്തിന്റെ കഴിവിലും നിശ്ചയദാര്‍ഢ്യത്തിലും വിശ്വാസമുണ്ട്. യുവ ഊര്‍ജ്ജം ഇന്ത്യയില്‍ നിറഞ്ഞിരിക്കുന്നു. അവര്‍ക്ക് വികസനത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ആകും. സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന് ആവശ്യമാണ്. ആ ലക്ഷ്യം നേടും.
എല്ലാ കോവിഡ് പോരാളികള്‍ക്കും ആദരമര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജീവന് ബലി നല്കിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങള്‍ക്കും നന്ദി. ഇച്ഛാശക്തി കൊണ്ട് രാജ്യം ഈ പ്രതിസന്ധി മറികടക്കും. പ്രകൃതി ദുരന്തത്തിന് ഇരകളായവര്‍ക്ക് സഹായം ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.