കൊവിഡിനെ പോലെ മങ്കിപോക്സിനേയും പ്രതിരോധിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
”സംസ്ഥാനത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്. യുഎഇയില്‍ നിന്നും വന്ന യാത്രക്കാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ച സമയത്ത് തന്നെ മുന്‍കരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണ്.” മുഖ്യമന്ത്രി പറഞ്ഞു.
”മങ്കിപോക്സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നല്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാവരും മാസ്ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്സിനേയും നമുക്ക് പ്രതിരോധിക്കാനാകും.”
എന്താണ് മങ്കിപോക്സ്:
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.
പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.