ആലപ്പുഴയിലെ സിബിസി വാര്യര്‍ സ്മൃതി പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയതിൽ വിശദീകരണവുമായി മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ. സി.ബി.സി. വാരിയർ അനുസ്മരണ പരിപാടി തുടങ്ങാൻ വൈകിയതിനെ തുടർന്നാണ് സുധാകരൻ തിരികെ പോയത്. പരിപാടിയിൽ നിന്ന് ഇറങ്ങി പോയതല്ലെന്നും 12 മണിക്ക് അടുത്ത പരിപാടി ഉണ്ടായിരുന്നുവെന്നുമാണ് വിശദീകരണം. പത്തേമുക്കാലായിട്ടും അധ്യക്ഷനും വന്നില്ല, മന്ത്രിയും വന്നില്ല. അപ്പോൾ തന്നെ സെക്രട്ടറിയോട് കാര്യം പറഞ്ഞെന്നും ജി സുധാകരൻ വ്യക്തമാക്കി.
പത്ത് മണിക്ക് പരിപാടി തുടങ്ങുമെന്ന് അറിയിച്ചത് പ്രകാരം സുധാകരൻ പത്ത് മണിക്ക് തന്നെ വേദിയിലെത്തി. എന്നാല്‍, ഏറെ നേരം കാത്തിരുന്നിട്ടും മറ്റു അതിഥികള്‍ എത്തിയില്ല.അരമണിക്കൂറോളം അദ്ദേഹം വേദിയില്‍ തുടര്‍ന്നു. എന്നിട്ടും പരിപാടി തുടങ്ങാത്തതിനെ തുടര്‍ന്ന് ചാരുംമൂട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനുണ്ടെന്നറിയിച്ചാണ് അദ്ദേഹം ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയത്.മന്ത്രി സജി ചെറിയാൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി.ചന്ദ്രബാബു, കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത എന്നിവർ പങ്കെടുക്കുന്ന പരിപാടിയിലായിരുന്നു സുധാകരന്റെ ഇറങ്ങിപ്പോക്ക്.