കെപിസിസി അധ്യക്ഷനായി നിയോഗിക്കപ്പെട്ട കെ. സുധാകരനെ സിപിഎം എത്ര മാത്രം ഭയപ്പെടുന്നു വെന്നതിന്റെ തെളിവാണ് അദ്ദേഹത്തിനെതിരായ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ വ്യക്തിഹത്യാ പ്രസ്താവനയെന്ന് നിയമസഭ കോണ്‍ഗ്രസ് കക്ഷി ഉപനേതാവ് കെ. ബാബു എം.എല്‍ എ. കെ സുധാകരന് പുതിയ കെപിസിസി പ്രസിഡന്റ് ആണെന്ന് അറിഞ്ഞതോടെ സിപിഎം അങ്കലാപ്പിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഏതെങ്കിലും പാര്‍ട്ടിക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കാന്‍ സിപിഎമ്മിന് എന്ത് ധാര്‍മികാവകാശമാണ് ഉള്ളത്? നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ചത് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍ അല്ലെയെന്നും കെ. ബാബു ചോദിച്ചു.
കേരളത്തില്‍ ആര്‍എസ്എസ് പിന്തുടര്‍ന്ന അടവുനയത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന് മന്ത്രിസഭ അധികാരമേറ്റതെന്നു തുറന്നു പറഞ്ഞത് ആര്‍എസ്എസ് മുഖപത്രമായ കേസരിയാണ്. കേരളത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കല്‍പ്പനകള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് വള്ളിപുള്ളി വിടാതെ നടപ്പിലാക്കുന്നത്? കേരള നിയമസഭയില്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം ഉരിയാടിയിട്ടുണ്ടോ? കേരളത്തിലെ സിപിഎം നേതൃത്വം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആജ്ഞാനുവൃത്തികളായിട്ടാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഇതുപോലുള്ള പ്രസ്താവനകള്‍ പടച്ചുവിടും. എന്തിനേറെ പശ്ചിമബംഗാളില്‍ ആരാ സിപിഎമ്മിന്റെ മുഖ്യശത്രു. പതിനായിരക്കണക്കിന് സിപിഎം അണികള്‍ ആണ് ബംഗാളില്‍ ബി ജെ പിയിലേക്ക് ഒഴുകിയത്. കേരളത്തില്‍ ബി ജെ പിയിലേക്ക് പോയ ഒരേ ഒരു എംഎല്‍എ സിപിഎം പിന്തുണയില്‍ ജയിച്ച അല്‍ഫോന്‍സ് കണ്ണന്താനം മാത്രമാണ്. അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയില്‍ നരേന്ദ്ര മോദി ഉള്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹത്തെ ആദരിച്ചു പ്രത്യേക വിരുന്ന് നല്കിയ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഇപ്പോള്‍ കെ. സുധാകരനെതിരെ വ്യക്തിഹത്യ നടത്തുന്നതെന്നും കെ ബാബു തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
കെ സുധാകരനെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വമാണ് പ്രസിഡന്റായി നിയമിച്ചത്. കെപിസിസിയുടെ നിലപാടില്‍ ഹൈക്കമാണ്ട് നിലപാട് വ്യക്തമാക്കണമാത്രേ! സുധാകരന് കെപിസിസി പ്രസിഡന്റ് ആകുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ സിപിഎമ്മിന് സമനില തെറ്റിയോ? അതോ കെപിസിസി പ്രസിഡന്റിനെ നിയമിക്കും മുന്‍പ് എകെജി സെന്ററില്‍ പോയി സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്നാണോ? കേരളത്തില്‍ മാത്രം കൊടിയും ഓഫീസും ഉള്ള ഒരു പാര്‍ട്ടിയുടെ അഹങ്കാരമേ? കഴിവുള്ള എല്ലായിടങ്ങളിലും ഭിന്നിപ്പുകളും പിളര്‍പ്പുകളും ഉണ്ടാക്കുകയാണ് സിപിഎം ലക്ഷ്യം.
അവര്‍ എത്ര ശ്രമിച്ചിട്ടും കേരളത്തിലെ കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തില്‍ അവര്‍ പ്രചരിപ്പിച്ചതെന്താ, കോണ്‍ഗ്രസുകാര്‍ മോഹഭംഗം വന്ന് ബിജെപിയിലേക്ക് ഒഴുകാന്‍ പോകുകയാണെന്നാണ്. അതില്‍ നിരശയായപ്പോള്‍ അടുത്ത ഉന്നം കോണ്‍ഗ്രസ് നേതൃത്വ പുനസംഘടനയോടെ കോണ്‍ഗ്രസ് തമ്മിലടിച്ചു തകരുമെന്നാണ്. അതും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഏറ്റവും ഒടുവിലത്തെ ആയുധമായി പുതിയ കെപിസിസി അധ്യക്ഷനെതിരെ ഒളിയുദ്ധം ആരംഭിച്ചിരിക്കുന്നതെന്നും കെ ബാബു ആരോപിക്കുന്നു.
സിപിഎമ്മിന് ഏക അജണ്ടയാണ് എങ്ങിനെയും കോണ്‍ഗ്രസ് ക്ഷയിച്ചു കാണണം എന്നതും പകരം ബിജെപി വളരണം എന്നതും. ഭരണം കയ്യിലിരുന്നിട്ടും അത് ഉപയോഗിച്ചിട്ടുള്ള സകല സ്വാധീനവും ദുര്‍വിനിയോഗം ചെയ്തിട്ടും കോണ്‍ഗ്രസിന്റെ ഒരു രോമത്തില്‍ തൊടാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല.സിപിഎമ്മിന്റെ പ്രലോഭനങ്ങളില്‍ കോണ്ഗ്രസ്സുകാര് വീണില്ല. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കോണ്‍ഗ്രസിലെ ഐക്യം കൃഷ്ണമണി പോലെ കാത്തുരക്ഷിക്കുന്നവരാണെന്നത് ഇനിയും സിപിഎമ്മുകാര്‍ക്ക് മനസിലാകുന്നില്ലെന്നും കെ. ബാബു കൂട്ടിച്ചേര്‍ത്തു.