മൂവാറ്റുപുഴ: നഗരത്തിലെ പേപ്പട്ടി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴ നഗരസഭ ആരംഭിച്ച പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള മൃഗ സ്നേഹ സംഘടനയുടെ നീക്കം അപലപനീയമാണെന്ന് നഗരസഭാ ചെയർമാൻ പി.പി. എൽദോസ് പറഞ്ഞു.
കഴിഞ്ഞ ഒമ്പതിന് വളർത്തു നായയുടെ ആക്രമണത്തിൽ 9 പേർക്കും പശു, ആട്, നായ തുടങ്ങിയ വളർത്തു മൃഗങ്ങൾക്കും കടിയേറ്റിരുന്നു. സംഭവ ദിവസം തന്നെ അക്രമകാരിയായ നായയെ പിടികൂടി നിരീക്ഷണത്തിനായി പാർപ്പിച്ചു വരവേ നാലു ദിവസത്തിനു ശേഷം ചാകുകയും തുടർന്ന് തൃശ്ശൂർ മണ്ണുത്തി വെറ്റിനറി കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പേവിഷ ബാധ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ ഊർജിത പ്രതിരോധ പ്രവർത്തനം ആരംഭിച്ചത്. പേപ്പട്ടി ആക്രമണം നടന്ന പ്രദേശങ്ങളിലെ തെരുവ് നായ്ക്കളെ പിടികൂടി പ്രതിരോധ കുത്തിവെപ്പ് നൽകിയശേഷം 15 ദിവസത്തെ നിരീക്ഷണത്തിനായി പ്രത്യേകം തയ്യാറാക്കിയ ഷട്ടറിൽ സൂക്ഷിച്ചു വരികയാണ്.
ഇതോടൊപ്പം നഗരത്തിലെ മുഴുവൻ തെരുവുനായ കൾക്കും പ്രതിരോധ കുത്തിവയ്പ്പ് നടത്തിവരുന്നു. അനിമൽ വെൽഫെയർ ബോർഡിൻറെ മാർഗ നിർദ്ദേശങ്ങൾ പാലിച്ച് ഈ രംഗത്തെ വിദഗ്ധരാണ് നായകളെ പിടികൂടി കുത്തിവെപ്പ് നൽകിവരുന്നത്. നിരീക്ഷണത്തിനായി പാർപ്പിച്ചിരിക്കുന്ന തെരുവുനായ കൾക്ക് കൃത്യമായി ഭക്ഷണവും വെള്ളവും മറ്റും നൽകിവരുന്നുണ്ട്. യാഥാർത്ഥ്യം ഇതായിരിക്കെ ജനങ്ങളുടെ ഭീതി അകറ്റുന്നതിനും സംരക്ഷണം ഉറപ്പു വരുത്തുന്നതിനും നഗരസഭ നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ മൃഗ സ്നേഹ സംഘടനകളുടെ മറവിൽ ചിലർ രംഗത്ത് എത്തിയിരിക്കുകയാണെന്ന് ചെയർമാൻ പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മൂവാറ്റുപുഴ മൃഗാശുപത്രിയിലെ വെറ്റിനറി സർജൻ ഡോ. കൃഷ്ണദാസിനെ സമൂഹ മാധ്യമങ്ങൾ വഴിയും ഫോൺ മുഖാന്തിരവും ചിലർ ഭീഷണിപ്പെടുത്തി വരുന്നു. അനിമൽ വെൽഫെയർ ബോർഡിനും മറ്റ് ഉത്തരവാദ കേന്ദ്രങ്ങളിലും വ്യാജ പരാതി നൽകി പ്രവർത്തനം തടസപ്പെടുത്താനുളള നീക്കമാണ് നടത്തി വരുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ഈ പ്രവർത്തനം നിർത്തി വയ്പ്പിക്കുക എന്നതാണ് ഇക്കൂട്ടർ ലക്ഷ്യമിടുന്നത്. കേന്ദ്ര അനിമൽ വെൽഫെയർ ബോർഡ് അംഗം സജന ഫ്രാൻസിസ് നിലവിൽ നടന്നുവരുന്ന പ്രവർത്തനങ്ങളിൽ സംതൃപ്തി അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കൃത്യമായ നിരീക്ഷണത്തിനു ശേഷം മാത്രം ഷല്ട്ടറില് അടച്ചിട്ടുള്ള തെരുവുനായ്ക്കളെ വിട്ടയച്ചാൽ മതിയെന്ന് നിർദേശവും നഗരസഭയ്ക്ക് നൽകിയിട്ടുണ്ട്.
ജനങ്ങളുടെ ഭീതി അകറ്റുകയും അവരുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് മുഖ്യം. മൃഗങ്ങൾക്ക് ദോഷം ഉണ്ടാകാത്ത തരത്തിൽ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ മൃഗ സ്നേഹ സംഘടനകൾക്ക് അധികാരമില്ലെന്നും അവർ വ്യക്തമാക്കി. വെറ്റിനറി സർജനും പ്രതിരോധ പ്രവർത്തകർക്കു നേരെ നടത്തുന്ന ഭീഷണി അംഗീകരിക്കാനാവില്ലെന്നും സജന വ്യക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും വെറ്റിനറി സർജൻ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നഗരസഭാ ചെയർമാൻ പറഞ്ഞു. സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി ജനങ്ങളെ കുരുതി കൊടുക്കാനുള്ള നീക്കത്തിൽ നിന്ന് ഇവർ പിന്മാറണമെന്നും നഗരസഭ നടത്തുന്ന പ്രവർത്തനങ്ങളുമായി സഹകരിക്കാൻ എല്ലാവരും തയാറാകണമെന്നും ചെയർമാൻ അഭ്യർത്ഥിച്ചു