കെ എസ് ആര് ടി സിയില്‍ ശമ്പളത്തിന് ടാര്‍ജെറ്റ് നിശ്ചയിക്കാനുള്ള നിര്‍ദ്ദേശവുമായി മാനേജിങ് ഡയറക്ടര്‍. ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എംഡി ബിജു പ്രഭാകറിന്റെ നിര്‍ദേശം. ഡിപ്പോ അടിസ്ഥാനത്തിലാണ് ടാര്‍ഗറ്റ്. 100% ടാര്‍ഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഞ്ചാം തീയതിക്ക് തന്നെ മുഴുവന്‍ ശമ്പളം കൊടുക്കും. 90 ശതമാനം എങ്കില്‍ ശമ്പളത്തിന്റെ 90 ശതമാനം നല്‍കും.
സര്‍ക്കാര്‍ സഹായം നല്‍കിയില്ലെങ്കില്‍ ഈ നിര്‍ദ്ദേശം ഏപ്രില്‍ മുതല്‍ നിലവില്‍ വരും. 100 ശതമാനത്തിന് മുകളില്‍ വലിയ തോതില്‍ ടാര്‍ഗറ്റ് തികയ്ക്കുന്ന ഡിപ്പോകളില്‍ ജീവനക്കാര്‍ക്ക് കുടിശിക അടക്കം ശമ്പളം നല്‍കാനുമാണ് ആലോചന. ഇതിനോട് ജീവനക്കാരുടെ സംഘടനകള്‍ ഇനി എങ്ങിനെ പ്രതികരിക്കുമെന്നതാണ് അറിയാനുള്ളത്.
കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച 82 വിരമിച്ച ജീവനക്കാര്‍ക്ക് ഉടന്‍ പകുതി പെന്ഷന് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടു. കെഎസ്ആര്‍ടിസി മാനേജ്മെന്റ് നടപടി ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചവര്‍ക്കാണ് അനുകൂല്യം നല്‍കേണ്ടത്. ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള മുഴുവന്‍ പേര്‍ക്കും സമാശ്വാസമായി ഒരു ലക്ഷം നല്‍കാമെന്ന കെഎസ്ആര്‍ടിസി നിലപാട് കോടതി രേഖപ്പെടുത്തി. എങ്കിലും ഇതില്‍ തീരുമാനമായിട്ടില്ല.
വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടും പെന്ഷന് ആനുകൂല്യത്തിനായി നിശ്ചിത ശതമാനം തുക കെഎസ്ആര്‍ടിസി മാറ്റി വയ്ക്കാഞ്ഞതിലും കോടതി അതൃപ്തി അറിയിച്ചു. ഹര്‍ജികള്‍ ഹൈക്കോടതി 28 ന് വീണ്ടും പരിഗണിക്കും.