കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ തുന്ബര്ഗിന് ട്വീറ്റ് ചെയ്യാന്‍ ടൂള്‍ കിറ്റ് ഷെയര്‍ ചെയ്തെന്ന കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം. നിരവധി പേര് ദിശയുടെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തി. ദിശയെ വിട്ടയക്കണമെന്ന് രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ആവശ്യപ്പെട്ടു.
ആയുധം കയ്യിലുള്ളവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുകയാണെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു. നിരായുധയായ പെണ്‍കുട്ടി ധൈര്യത്തിന്റെ കിരണങ്ങള്‍ എല്ലാവരിലും പരത്തുകയാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. രാജ്യമല്ല, ഭരണകൂടമാണ് ഭയപ്പെടുന്നതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യത്ത് ഒരിക്കലും നിശബ്ദരാകാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സത്യം ഇപ്പോഴും സജീവമാണെന്നും രാഹുല്‍ പറഞ്ഞു.
ദിശയുടെ അറസ്റ്റ് ജനാധിപത്യത്തിന് എതിരെയുള്ള ആക്രമണമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു. കര്‍ഷകരെ പിന്തുണയ്ക്കുന്നത് കുറ്റമല്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പൊലീസിന്റേത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായപ്പെട്ടു.
ജനങ്ങളെ അപമാനിക്കുന്നതാണ് അറസ്റ്റെന്നായിരുന്നു ജയരാജ് രമേശ് എം.പിയുടെ അഭിപ്രായം. സര്‍ക്കാര്‍ നീക്കം ഗുരുതര അരക്ഷിതാവസ്ഥയുടെ തെളിവെന്ന് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരവും കുറ്റപ്പെടുത്തി.