കൊവിഡിന്റെ ഒന്നാംഘട്ടത്തില്‍ പിപിഇ കിറ്റ് അടക്കം വാങ്ങിയതില്‍ അഴിമതി നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎല്‍എക്കെതിരെ ലോകായുക്ത അന്വേഷണം. എംഎല്‍എക്ക് കോടതി നോട്ടീസ് അയച്ചു. പ്രാഥമിക പരിശോധനകള്‍ക്ക് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കേരള മെഡിക്കല്‍ സര്‍വീസസ് അസോസിയേഷന് (കെഎംഎസ്സിഎല്) ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപിനും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.
യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ് നായര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയതിലടക്കമാണ് അന്വേഷണം. 450 രൂപയുളള പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയെന്ന് പരാതിയില്‍ ആരോപിച്ചിരുന്നു. കൊവിഡിന്റെ തുടക്ക കാലത്ത് വിപണി വിലയുടെ മൂന്നിരട്ടി വിലക്ക് സ്വകാര്യ കമ്പനിയില്‍ നിന്നടക്കം പിപിഇ കിറ്റ് വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നുവെന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു.
സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്നും 1,550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങാനുള്ള ഫയലില്‍ അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കു പുറമേ തോമസ് ഐസക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പിട്ടിരുന്നുവെന്ന് രേഖകളില്‍ പറയുന്നു. 446 രൂപയ്ക്ക് ഒരു കമ്പനിയില്‍ നിന്നും പിപിഇ കിറ്റ് പര്‍ച്ചേസ് ചെയ്തതിന് പിന്നാലെയാണ് സാന്‍ഫാര്‍മയില്‍ നിന്നും മൂന്നിരട്ടി വിലയ്ക്ക് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.
2020 മാര്‍ച്ച് 29നാണ് കെയ്റോണില്‍ നിന്നും പിപിഇ കിറ്റ് വാങ്ങുന്നത്. തൊട്ടടുത്ത ദിവസം മാര്‍ച്ച് 30നാണ് സാന്‍ഫാര്‍മയില്‍ നിന്നും കിറ്റ് വാങ്ങിയത്. 1,550 രൂപ എന്ന നിരക്കില്‍ സാന്‍ഫാര്‍മയില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി 50,000 പിപിഇ കിറ്റുകളാണ് വാങ്ങിയത്. കൂടാതെ 446.25 രൂപയ്ക്ക് കെയ്റോണില്‍ നിന്നും കിറ്റ് വാങ്ങി. ഇതേ ദിവസം തന്നെ ന്യൂകെയര്‍ ഹൈജീന്‍ പ്രോഡക്ട് എന്ന മറ്റൊരു കമ്പനിയില്‍നിന്നും പിപിഇ കിറ്റ് പര്‍ച്ചേസ് നടത്തിയിരുന്നു. ഈ കമ്പനി കിറ്റിന് 475.25 രൂപയാണ് ഈടാക്കിയതെന്നും രേഖകളില്‍ പറയുന്നു.