സ്കുളുകളില് നിന്ന് വിനോദയാത്ര പോകുമ്പോള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരിക്കുന്ന ഉത്തരവ് കൃത്യമായി പാലിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. വടക്കുഞ്ചേരി അപകടത്തില്‍ സ്കൂള്‍ അധികൃതര്‍ക്കുണ്ടായത് ഗുരുതര വീഴ്ചയാണ്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
അപകടം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയുണ്ടാകും. വീണ്ടും ഒരു സര്‍ക്കുലര്‍ കൂടിയിറക്കും. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും മന്ത്രി വിശദീകരിച്ചു.
രാത്രി 9 മണി മുതല്‍ രാവിലെ 6 വരെ സ്കൂളുകളില്‍ നിന്ന് വിനോദയാത്ര പാടില്ലെന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം.
എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് 2020 മാര്‍ച്ച് 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.