സ്വാതന്ത്ര്യ സമര സേനാനികളുടെ പട്ടികയില്‍ നിന്ന് ജവഹര്‍ ലാല്‍ നെഹ്റുവിനെ ഒഴിവാക്കി കര്‍ണാടക സര്‍ക്കാര്‍. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നല്കിയ പത്ര പരസ്യത്തിലാണ് നെഹ്റുവിനെ ഒഴിവാക്കിയത്. സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
മഹാത്മാ ഗാന്ധി, സുഭാഷ് ചന്ദ്രബോസ്, പട്ടേല്‍, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, ലാലാ ലജ്പത് റായി, ബാല ഗംഗാധര തിലക്, ബിപിന്‍ ചന്ദ്രപാല്‍, ഡോ. ബിആര്‍ അംബേദ്കര്‍, ലാല്‍ ബഹദൂര്‍ ശാസ്ത്രി, മൗലാനാ അബ്ദുള്‍ കലാം ആസാദ് എന്നിവരുടെ പേരുകളാണ് പ്രസിദ്ധീകരിച്ച പട്ടികയിലുണ്ട്.
ഹിന്ദുത്വ ആശയ പ്രചാരകന് വിഡി സവര്‍ക്കറുടെ പേരും പട്ടികയിലുണ്ട്. വിപ്ലവകാരി സവര്‍ക്കര്‍ എന്നാണ് പേരിനൊപ്പം വിശേഷിപ്പിച്ചിരിക്കുന്നത്. ‘വിനായക് ദാമോദര്‍ സവര്‍ക്കര്‍ വിപ്ലവകരമായ മാര്‍ഗങ്ങളിലൂടെ സമ്പൂര്‍ണ സ്വാതന്ത്ര്യം നേടണമെന്ന് വാദിക്കുന്ന നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാറില്‍ തടവിലാക്കപ്പെടുകയും ഒട്ടേറെ പീഡനത്തിനിരാകുകയും ചെയ്തു’ എന്നാണ് സവര്‍ക്കറുടെ ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്നത്.
അതേസമയം നെഹ്റു ഇത്തരം നിസാരതകളെ അതിജീവിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ചിത്രം പങ്കുവച്ച് കൊണ്ട് ട്വീറ്റ് ചെയ്തു.