ഭരണ പരിഷ്കാരങ്ങളില്‍ പ്രതിഷേധം കനക്കുന്നതിനിടെ അഡ്മിനിസ്്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് കവരത്തിയിലെത്തും. ഒരാഴ്ചത്തെ സന്ദര്‍ശനത്തില്‍ ലക്ഷദ്വീപില്‍ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ പുരോഗതി പട്ടേല്‍ വിലയിരുത്തും. അഡ്മിനിസ്ടേറ്ററുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദ്വീപുകളില്‍ കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം. വീടുകള്‍ക്ക് മുന്നില്‍ കറുത്ത കൊടികള്‍ തൂക്കാനും ആളുകള്‍ കറുത്ത വസ്ത്രവും കറുത്ത മാസ്കും ധരിക്കാനുമാണ് ആഹ്വാനം.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റെടുത്തതിന് ശേഷമുള്ള പ്രഫുല്‍ ഖോഡയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. എന്നാല്‍ പഴയ സാഹചര്യങ്ങളല്ല ഇപ്പോള്‍ ദ്വീപുകളില്‍. അഡ്മിനിസ്ട്രേറ്റര്‍ നടപ്പിലാക്കുന്ന ഭരണ പരിഷ്കാരങ്ങളില്‍ പുകയുന്ന പ്രതിഷേധങ്ങളിലേക്കാണ് ഖോഡ ഇന്ന് പറന്നിറങ്ങുന്നത്. ഇന്നോളം ദ്വീപില്‍ കണ്ടിട്ടില്ലാത്ത പ്രതിഷേധങ്ങളാണ് ഭരണ കൂടത്തിനെതിരെ അരങ്ങേറുന്നതും.
ഇതുവരെ പ്രഖ്യാപിച്ച ഉത്തരവുകളില്‍ മത്സ്യതൊഴിലാളി ബോട്ടുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള ഉത്തരവ് മാത്രമാണ് പ്രതിഷേധം കണക്കിലെടുത്ത് പിന്‍വലിച്ചത്. മറ്റ് തീരുമാനങ്ങളുമായി ഭരണകൂടം മുന്നോട്ട് പോവുകയാണ്. കവരത്തിയില്‍ ഉച്ചയോടെയെത്തുന്ന അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ പ്രഫുല്‍ ഖോഡയുടെ വരവ് കരിദിനമായി ആചരിക്കുകയാണ് ദ്വീപ് ജനത. രാവിലെ മുതല്‍ വീടുകളില്‍ കറുത്ത കൊടി ഉയര്‍ത്തിയും കറുത്ത മാസ്ക് അണിഞ്ഞുമാണ് പ്രതിഷേധം. ഭരണ പരിഷ്കാര നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അഡ്മിനിസ്ട്രേറ്ററെ കവരത്തിയിലെത്തി കാണാന്‍ സേവ് ലക്ഷദ്വീപ് ഫോറം ഭാരവാഹികള്‍ അനുമതി തേടിയിട്ടുണ്ട്. എന്നാല്‍ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.