തിരുവനന്തപുരം: മുഖ്യമന്ത്രി വടിഎടുത്തു, ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ്കുമാര് അയഞ്ഞു. ഒടുവില്‍ ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സമരം തീര്‍ക്കാന്‍ നാളെ തലസ്ഥാനത്ത് ഒത്തുതീര്‍പ്പിന് മന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച നടത്തും. സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടക്കാത്ത സാഹചര്യമാണുള്ളത്. ടെസ്റ്റിന് എത്തുന്നവര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല എന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സിപിഎം നേതൃത്വം വിഷയത്തില്‍ ഇടപെട്ടിരുന്നു.
സമരത്തിലുള്ള ഡ്രൈവിംഗ് സ്കൂളുകളെയാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് ചര്‍ച്ച. എല്ലാ സംഘടനകളെയും നാളത്തെ ചര്‍ച്ചയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിയുടെ ചേമ്പറില്‍ ആണ് ചര്‍ച്ച. സമരം തുടങ്ങി 13 ദിവസത്തിനുശേഷമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത്.