തിരുവനന്തപുരം: കേരളത്തിന് വന്ദേഭാരത് അനുവദിച്ചത് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന് പറഞ്ഞു . ഇതുവരെ ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചിട്ടില്ല. അറിയിപ്പ് ലഭിച്ച ശേഷം പ്രതികരിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം വന്ദേഭാരത് കേരളത്തിനുളള വിഷു കൈനീട്ടമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ഈ മാസം 25ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ്ഓഫ് ചെയ്യും.
കേരളത്തില്‍ സര്‍വീസ് നടത്താനായി ചെന്നൈയില്‍ നിന്നെത്തിയ വന്ദേഭാരത് ട്രെയിനിന് പാലക്കാട് ജംഗ്ഷനില്‍ വലിയ സ്വീകരണമാണ് നല്‍കിയത്. രാത്രിയോടെ ട്രെയിന്‍ തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരം-കണ്ണൂര്‍ റൂട്ടിലേക്കാണ് വന്ദേഭാരതിന്റെ സര്‍വീസ് പരിഗണിക്കുന്നത്. തിരുവനന്തപുരം-ഷൊര്‍ണൂര്‍ പാതയിലൂടെ ഈ മാസം 22ന് പരീക്ഷണയോട്ടം ആരംഭിക്കും.
ആറു സ്റ്റോപ്പുകള്‍, 16 കോച്ചുകള്‍
ഉദ്ഘാടന സര്‍വീസിന് മുന്നോടിയായി ദക്ഷിണ റെയില്‍വേ മാനേജര്‍ കോഴിക്കോടും തിരുവനന്തപുരത്തും ക്രമീകരണങ്ങള്‍ വിലയിരുത്തും. രാജ്യത്തെ പതിനാലാമത്തെയും ദക്ഷിണ റെയില്‍വേയുടെ മൂന്നാമത്തെയും വന്ദേഭാരത് ട്രെയിനാണു കേരളത്തിനു ലഭിക്കുന്നത്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ അഞ്ച് മണിക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ പുറപ്പെട്ടില്ലെങ്കില്‍ വന്ദേഭാരതിനായി മറ്റു ട്രെയിനുകള്‍ പിടിച്ചിടേണ്ടി വരും. അതിനാല്‍ വന്ദേഭാരത് അതിരാവിലെ പുറപ്പെട്ട് രാത്രിയോടു കൂടി തലസ്ഥാനത്തെത്തുന്ന രീതിയില്‍ ഓടിക്കേണ്ടതായി വരുമെന്നാണ് വിവരം. മുമ്പ് എട്ട് കോച്ചുകളാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കേരളത്തിന് ലഭിച്ചിരിക്കുന്നത് 16 കോച്ചുകളുളള ട്രെയിനാണ്.