കൊല്‍ക്കത്ത: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാത്തോലിക്ക ബാവ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ് ബോസുമായി കൂടിക്കാഴ്ച നടത്തി. കൊല്‍ക്കത്ത കത്ത്രീഡലിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന് നേതൃത്വം നല്കാന് കല്‍ക്കട്ടയില്‍ എത്തിയതായിരുന്നു കാതോലിക്കാ ബാവ.കൂടിക്കാഴ്ച്ചയില്‍ ഗവര്‍ണറുടെ പ്രവര്‍ത്തനങ്ങളെ കാത്തോലിക്ക ബാവ വിലയിരുത്തുകയും നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു.
ബംഗാളിന്റെ ഭരണ തലത്തില്‍ വളരെ കൃത്യതയോടെ തന്റെതായ കാര്‍മികത്വം വഹിക്കുന്ന തികഞ്ഞ വ്യക്തിത്വമാണ് ഗവര്‍ണര്‍ സി വി ആനന്ദ് ബോസ് എന്നും ബാവ തിരുമേനി പ്രശംസിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനെ പൂച്ചെണ്ടുകള്‍ നല്‍കിയാണ് ഗവര്‍ണറും സംഘവും സ്വീകരിച്ചത്. ഓര്‍ത്തഡോക്സ് സഭയ്ക്ക് മാത്രമല്ല സമൂഹ നന്മക്ക് ജാതിമതഭേദമന്യേ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങളാണ് ബാവാ തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നതെന്നും, കഷ്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് അത് ഏറെ പ്രയോജനകരമാകുന്നുണ്ടെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്കായി ബാവാ തിരുമേനി നടത്തിവരുന്ന കാരുണ്യ പ്രവര്‍ത്തികള്‍ അദ്ദേഹത്തെ ഏറെ ശ്രേഷ്ഠനാക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.