സില്‍വര്‍ലൈന്‍ പദ്ധതിയെ എതിര്‍ത്ത് പ്രതിപക്ഷം ഉന്നയിച്ച വാദങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി പറഞ്ഞ് എ എന്‍ ഷംസീര്‍ എംഎല്‍എ. സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ തന്നെ പറഞ്ഞെന്നും ജനങ്ങള്‍ അതിന് അംഗീകാരം നല്‍കിയെന്നും ഷംസീര്‍ പറഞ്ഞു.
ഇനി ആര് എതിര്‍ത്താലും പദ്ധതി നടപ്പാക്കും. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാടുകള്‍ക്ക് അഞ്ച് സംസ്ഥാനങ്ങളില്‍ മറുപടി ലഭിച്ചു. എന്തിനെയും എതിര്‍ക്കുന്ന മനോഭാവം മാറ്റിയില്ലെങ്കില്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും ഷംസീര്‍ സഭയില്‍ പറഞ്ഞു.
ഭാവി തലമുറയ്ക്ക് വേണ്ടിയാണ് സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുന്നതെന്ന് എ എന്‍ ഷംസീര്‍ ചൂണ്ടിക്കാട്ടി. പദ്ധതി പരിസ്ഥിതിയെ ബാധിക്കുമെന്നത് തെറ്റായ പ്രചരണമാണ്. 2.88 ലക്ഷം കാര്‍ബണ്‍ ബഹിര്‍ഗമനം സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാകുന്നതോടെ കുറയ്ക്കാനാകും. വാഹനാപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനും സാധിക്കും. എന്തിന് കെ റെയില്‍ നടപ്പിലാക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിനുള്ള മറുപടി തോമസ് ഐസക്കിന്റ പുസ്തകത്തിലുണ്ടെന്നും പ്രതിപക്ഷത്തിന് സൗജന്യമായി പുസ്തകം വിതരണം ചെയ്യാന്‍ തയാറാണെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് കൃത്യമായി പണം നല്‍കുമെന്നാണ് സഭയില്‍ ഷംസീര്‍ വാദിച്ചത്. വികസനത്തിനായുള്ള തൂണികള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ചിലപ്പോള്‍ പൊലീസിന്റെ മര്‍ദനം ഏല്‍ക്കേണ്ടി വന്നെന്നിരിക്കും. പദ്ധതികള്‍ക്കെല്ലാം കമ്മീഷന് തരപ്പെടുത്തുന്നത് പ്രതിപക്ഷത്തിന്റെ സ്വഭാവമാണെന്നും ഷംസീര്‍ ആഞ്ഞടിച്ചു.