ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആക്രമണം ഉണ്ടായി എന്നതിന് തെളിവുകളൊന്നുമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്. നന്ദിഗ്രാം സംഭവത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യം വ്യക്തമാക്കിയത്. നന്ദിഗ്രാമില്‍ ഒരു അപകടത്തിലാണ് മമതാ ബാനര്‍ജിക്ക് പരിക്കേല്‍ക്കുകയും കാലിന് ഒടിവുണ്ടാകുകയും ചെയ്തതെന്നും ആസൂത്രിതമായ ആക്രമണമല്ലെന്നും ശനിയാഴ്ച തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
നാലു ദിവസം മുമ്പ് നന്ദിഗ്രാമില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം പ്രദേശത്ത് പ്രചാരണം നടത്തവെ 4-5 പേര് തന്നെ ആക്രമിച്ചെന്നും കാലിനും തോളിനും പരിക്കേറ്റതായും മമത ബാനര്‍ജി ആരോപിച്ചു. തുടര്‍ന്ന് മമത ബാനര്‍ജിയെ കൊല്‍ക്കത്തയിലെ ആശുപത്രില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിനെ നാടകം എന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പിനായി പ്രത്യേക നിരീക്ഷകന് അജയ് നായക്കും പ്രത്യേക പോലീസ് നിരീക്ഷകന് വിവേക് ദുബേയും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ അപകടത്തിലാണ് മമത ബാനര്‍ജിക്ക് പരിക്കേറ്റതെന്ന് വ്യക്തമാക്കിയിരുന്നു.
അതേസമയം, കൊല്‍ക്കത്ത ആശുപത്രിയില്‍ നിന്ന് മോചിതയായ ശേഷം മമത ബാനര്‍ജി ഞായറാഴ്ച കൊല്‍ക്കത്തയില്‍ പരസ്യമായി പ്രത്യക്ഷപ്പെട്ടിരുന്നു. വീല്‍ചെയറിലാണ് അവര്‍ തെരുവിലിറങ്ങിയത്. മമത തിങ്കളാഴ്ച മുതല്‍ പ്രചരണം പുനരാരംഭിക്കും.