നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂര നയമെന്ന് യാക്കോബായ സഭ. എല്ലാ മുന്നണികളോടും ഒരെ നിലപാടായിരിക്കുമെന്ന് സഭാ വക്താവ് കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപൊലീത്ത പറഞ്ഞു. ബിജെപി കേന്ദ്ര നേതൃത്വവുമായി പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. ഇടതുപക്ഷം സഭയെ ഉപദ്രവിച്ചിട്ടില്ലെന്നും പള്ളി തര്‍ക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തതില്‍ നിരാശയുണ്ടെന്നും കുര്യാക്കോസ് മാര്‍ തെയോഫിലോസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന സഭാ സിനഡിന് ശേഷമാണ് യാക്കോബായ സഭ തെരഞ്ഞെടുപ്പില്‍ സമദൂര നയം സ്വീകരിക്കുമെന്ന് വ്യക്തമാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ യാക്കോബായ സഭ ഇടതുപക്ഷത്തിന് അനുകൂലമായ പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. പള്ളിതര്‍ക്ക വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് സഭ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല.
ഇതിനിടെ, ബിജെപിയുമായി അടുക്കുന്നതിനുള്ള ശ്രമവും യാക്കോബായ സഭ നടത്തിയിരുന്നു. കേരളത്തിലെ കത്തോലിക്കാ സഭകളോട് അടുക്കുന്നതിന് ബിജെപി കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പ്രാഥമിക ചര്‍ച്ചയും നടന്നിരുന്നു. എന്നാല്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതിന് യാക്കോബായ സഭയ്ക്ക് സാധിച്ചില്ല. ഇതേ തുടര്‍ന്നാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമദൂരനയം സ്വീകരിക്കാന്‍ യാക്കോബായ സഭ തീരുമാനിച്ചിരിക്കുന്നത്.