സംസ്ഥാനത്തെ എല്ലാ ബസുകളിലും ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തും. ഈ മാസം 28 ന് മുന്‍പ് എല്ലാ ബസുകളിലും ക്യാമറ ഘടിപ്പിക്കാന്‍ ഇന്ന് കൊച്ചിയില്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ബസിന്റെ മുന്‍ഭാഗത്തെ റോഡും ബസിന്റെ അകവശവും കാണാനാവുന്ന തരത്തിലായിരിക്കണം ക്യാമറ ഘടിപ്പിക്കേണ്ടത്.
ഇതിനാവശ്യമായ ചെലവിന്റെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റി വഹിക്കും. ഓരോ ബസുകളും നിയമവിധേയമായാണോ പ്രവര്‍ത്തിക്കുന്നതെന്ന കാര്യം നിരന്തരം പരിശോധിക്കാന്‍ ചുമതല ഓരോ ഉദ്യോഗസ്ഥര്‍ക്ക് നല്കാന് യോഗത്തില്‍ തീരുമാനമായി. ആ ബസുമായി ബന്ധപ്പെട്ട് നിയമലംഘനമുണ്ടായാല്‍ ഉദ്യോഗസ്ഥന് കൂടി ഇനി ഇതിന് ഉത്തരവാദിയായിരിക്കും.
സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നത് നിത്യസംഭവമായതോടെയാണ് നിരത്തിലെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ കൊച്ചിയില്‍ ഗതാഗത വകുപ്പ് മന്ത്രി ഉന്നത തല യോഗം വിളിച്ചത്. നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി സ്വകാര്യ ബസുകളില്‍ മുമ്പിലും പിറകിലും ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം. ഇതിന്റെ 50 ശതമാനം പണം റോഡ് സേഫ്റ്റി അതോറിറ്റി ബസുകള്‍ക്ക് നല്‍കും. മാര്‍ച്ച് ഒന്ന് മുതല്‍ ക്യാമറയില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല.
കെഎസ്ആര്‍ടിസി ബസുകളിലും റോഡ് സേഫ്റ്റി അതോറിറ്റിയുടെ സഹായത്തോടെ ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ഇതിനായി മാനേജ്മെന്റിന് നിര്‍ദേശം നല്‍കും. ഓരോ സ്വകാര്യ ബസുകളും ഇനി മുതല്‍ ഒരോ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലായിരിക്കും. ഈ ബസുകളിലെ നിയമ ലംഘനത്തിന്റെ ഉത്തരവാദിത്തം ആ, ഉദ്യോഗസ്ഥന് കൂടി ഏല്‍ക്കേണ്ടി വരും. തീരുന്നില്ല ഫസ്റ്റ് എയ്ഡ് ബോക്സിന് പുറകിലായി ഉദ്യോഗസ്ഥന്റ പേരും, നമ്പരും, ഡ്രൈവറുടെ പേരും പ്രദര്‍ശിപ്പിക്കണം.
മദ്യപിച്ച് വാഹനമോടിക്കുന്നത് തടയാന്‍ പരിശോധന ശക്തമായി തുടരും. സിന്തറ്റിക് ഡ്രഗ് ഉപയോഗിച്ചിട്ടുണ്ടോ ഡ്രൈവര്‍മാര്‍ എന്ന് പരിശോധിക്കാന്‍ പരിശോധന കിറ്റ് ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കാനും സര്‍ക്കാര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് ഇനി 6 മാസത്തിലൊരിക്കല്‍ പ്രത്യേക പരിശീലനവും ആരോഗ്യ പരിശോധനയും ഉണ്ടാകും. പൊലീസിനെയും ഉദ്യോഗസ്ഥരേയും കൂടാതെ ബസ് ഉടമകളും തൊഴിലാളി സംഘടന നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.