ഉത്തര്‍പ്രദേശിനെ കേരളം പോലെ ആക്കരുതെന്ന പ്രസ്താവന ആവര്‍ത്തിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയെ കേരളവും പശ്ചിമ ബംഗാളും ആക്കരുത്. ബംഗാളിലും കേരളത്തിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുകയാണെന്ന് യോഗി ആദിത്യനാഥ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
യു.പി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് താന്‍ മുന്നറിയിപ്പ് നല്‍കിയതാണെന്ന് യോഗി പറഞ്ഞു. ബി.ജെ.പിയെ വീണ്ടും അധികാരത്തിലെത്തിച്ചില്ലെങ്കില്‍ ഉത്തര്‍പ്രദേശ് പശ്ചിമ ബംഗാളും കേരളവും പോലെയാകുമെന്ന തന്റെ പരാമര്‍ശം യോഗി ആവര്‍ത്തിച്ചു- ‘ബംഗാളില്‍ നിന്ന് വന്ന് ഇവര്‍ ഇവിടെ അരാജകത്വം പ്രചരിപ്പിക്കുകയാണ്. ജാഗ്രത പുലര്‍ത്തുക. സുരക്ഷയും നിങ്ങള്‍ക്ക് ലഭിക്കുന്ന ബഹുമാനവും തടസ്സപ്പെടുത്താന്‍ ആളുകള്‍ വന്നിരിക്കുന്നു, അത് സംഭവിക്കാന്‍ അനുവദിക്കരുത്. ജനങ്ങളെ ഇക്കാര്യം അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു’- യോഗി ആദിത്യനാഥ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളില്‍ നടന്ന അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥ് പറഞ്ഞു- ‘ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, ബംഗാളില്‍ സമാധാനപരമായാണോ തെരഞ്ഞെടുപ്പ് നടന്നത്? അടുത്തിടെ ബംഗാളില്‍ വിധാന്‍സഭാ തെരഞ്ഞെടുപ്പ് നടന്നു. ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടു. ബൂത്തുകള്‍ പിടിച്ചെടുത്തു. അരാജകത്വം അതിന്റെ ഉച്ചസ്ഥായിയിലാണ്. നിരവധി പേര് കൊല്ലപ്പെട്ടു. കേരളത്തിലും സമാനമായ അവസ്ഥയാണുള്ളത്. ഈ രണ്ട് സംസ്ഥാനങ്ങളിലും നടന്നതുപോലെ അക്രമങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും മറ്റെവിടെയാണ് നടന്നത്?’
‘യു.പി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായി പൂര്‍ത്തിയായി. നേരത്തെ ഇവിടെ കലാപം നടന്നിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ എന്തെങ്കിലും കലാപം നടന്നോ?’- ഉത്തര്‍പ്രദേശില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ലെന്ന സര്‍ക്കാരിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്. എല്ലാവര്ക്കും സുരക്ഷിതത്വവും സമൃദ്ധിയും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒരു പ്രത്യേക സമുദായത്തെയും പ്രീണിപ്പിക്കില്ലെന്നും യോഗി ആദിത്യനാഥ് വിശദീകരിച്ചു.
‘അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്നതിന് തടസ്സം നേരിട്ടോ? ഹിന്ദുക്കളും മുസ്ലിംകളും അവരുടെ ഉത്സവങ്ങള്‍ സമാധാനപരമായി ആഘോഷിച്ചു. ഹിന്ദുക്കള്‍ സമാധാനത്തോടെയിരിക്കുമ്പോള്‍ അവരും (മുസ്ലിംകളും) സമാധാനത്തിലാണ്. ഹിന്ദുക്കള്‍ സുരക്ഷിതരാണ്, അതിനാല്‍ മുസ്ലിംകളും. ഞങ്ങള്‍ എല്ലാവര്ക്കും സുരക്ഷിതത്വം നല്കുന്നു, എല്ലാവര്ക്കും അഭിവൃദ്ധി നല്കുന്നു, എല്ലാവരെയും ബഹുമാനിക്കുന്നു, എന്നാല്‍ ആരെയും പ്രീണിപ്പിക്കുന്നില്ല’- യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ്’ എന്ന വീക്ഷണം യോഗി ആദിത്യനാഥ് ആവര്‍ത്തിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരല്ല എന്നത് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ യു.പി മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. കോവിഡ് വാക്സിന് നല്കി ജനങ്ങളെ സുരക്ഷിതരാക്കിയ പ്രധാനമന്ത്രിക്ക് യു.പിയിലെ ജനങ്ങള്‍ നന്ദി പ്രകാശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യു.പിയിലെ 15 കോടി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഇരട്ടി റേഷന്‍ നല്കുന്നു. ഈ പണം മുമ്പ് എവിടെ പോയിരുന്നുവെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ കടന്നാക്രമിച്ച് യോഗി ആദിത്യനാഥ് ചോദിച്ചു. ഇക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ അഖിലേഷിന് സമയമില്ലെന്നും അദ്ദേഹം ഉറങ്ങുകയും സ്വപ്നം കാണുകയും ചെയ്യുന്ന തിരക്കിലാണെന്നും യോഗി പരിഹസിച്ചു- ‘അഖിലേഷ്ജിയുടെ കയ്യില്‍ ഈ കണക്കുകള്‍ ഉണ്ടാകില്ല. അദ്ദേഹം മഹാനായ വ്യക്തിയുടെ മകനാണ്. 12 മണിക്കൂര്‍ ഉറങ്ങുന്നു, 6 മണിക്കൂര്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നു. ബാക്കിയുള്ള സമയങ്ങളില്‍ അദ്ദേഹം മറ്റ് ജോലികളില്‍ വ്യാപൃതനാകും. അതിനാല്‍ ഈ വിവരമൊന്നും അദ്ദേഹം അറിയില്ല’. രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ലക്ഷ്യം വെച്ച് കോണ്‍ഗ്രസിനെ മുക്കിക്കളയാന്‍ മറ്റാരും ആവശ്യമില്ലെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.