ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതുമായി ബന്ധപ്പെട്ട ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട് അപ്രത്യക്ഷമായി. നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററിന്റെയും (എന്‍.ആര്.എസ്.സി) വെബ്സൈറ്റില്‍ നിന്ന് ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് അപ്രത്യക്ഷമായത്. ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്നായിരുന്നു ഐഎസ്ആര്‍ഒയുടെ മുന്നറിയിപ്പ്. റിപ്പോര്‍ട്ട് പിന്‍വലിച്ചതെന്ന് സൂചന.
2022 ഏപ്രില്‍ മുതല്‍ ജോഷിമഠിലെ ഭൂമി ഇടിഞ്ഞ് താഴുന്നതിന്റെ വേഗത വര്‍ധിച്ചു എന്നായിരുന്നു ഐഎസ്ആര്‍ഒ റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ സ്ഥിതി ഗൗരവമാണെന്നും ഐഎസ്ആര്‍ഒ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. 2022 ഏപ്രിലിനും നവംബറിനുമിടയില്‍ 7 മാസത്തിനിടെ ജോഷിമഠ് നഗരത്തിനുള്ളില്‍ 9 സെന്റീമീറ്റര്‍ വരെ ഇടിവാണ് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ടിനുമേല്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തി രേഖപ്പെടുത്തുകയും ഇത് കേന്ദ്രസര്‍ക്കാറിനെ അറിയിക്കുകയും ചെയ്തിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് റിപ്പോര്‍ട്ട് പിന്‍വലിച്ചതെന്നാണ് സൂചന.
അതേസമയം, ജോഷിമഠിലെ പ്രതിഭാസത്തെക്കുറിച്ച് മാധ്യമങ്ങളുമായി ആശയവിനിമയം നടത്തില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.