പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഹൗസ് സര്ജന്മാരും ഇന്ന് പണിമുടക്കും. മെഡിക്കല്‍ കോളജ് അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സമരം നടത്തുന്ന പി ജി ഡോക്ടര്‍മാര്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് നടത്തും.
അത്യാഹിത വിഭാഗങ്ങള്‍ ബഹിഷ്കരിച്ചാണ് പിജി ഡോക്ടര്‍മാരുടെ സമരം. ഒ പി, ഐപി, മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകള്‍ എന്നിവയും ബഹിഷ്കരിക്കും. അതേസമയം കൊവിഡ് ഡ്യൂട്ടി നിര്‍വഹിക്കും. സമരം കൂടുതല്‍ ശക്തമാകുന്നതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിച്ചേക്കും.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പി.ജി വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
പി.ജി. വിദ്യാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും അറിയിച്ചു. നീറ്റ് പി.ജി അലോട്മെന്റ് പ്രതിസന്ധി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നോണ്‍ അക്കാദമിക് ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാരെ നിയമിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.