തെലങ്കാനയിലെ സൂര്യപേട്ടയില്‍ വന്‍ വാഹനാപകടം. ലോറി ട്രാക്ടറുമായി കൂട്ടിയിടിച്ച് ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര് മരിക്കുകയും 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മുനഗല ദേശീയ പാതയില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം.
മുനഗലയുടെ പ്രാന്തപ്രദേശത്തുള്ള അയ്യപ്പക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. 30 പേരുമായി സഞ്ചരിച്ചിരുന്ന ട്രാക്ടര്‍ തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് ഹൈദരാബാദ്- വിജയവാഡ ദേശീയ പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനിടെ വിജയവാഡ ഭാഗത്തേക്ക് അമിതവേഗതയില്‍ വന്ന ലോറി ട്രാക്ടറില്‍ ഇടിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരുക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അര്‍ധരാത്രിയോടെയാണ് അപകടമുണ്ടായതെന്നും ട്രാക്ടറില്‍ 30 പേര് സഞ്ചരിച്ചിരുന്നതായും മുനഗല സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആഞ്ജനേയുലു പറഞ്ഞു.