കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ വീണ്ടും ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നെതര്‍ലാന്‍ഡ്സ്. ഈ വേനല്‍ക്കാലത്തിന് ശേഷം നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്ന ആദ്യ യൂറോപ്യന്‍ രാഷ്ട്രമാണ് നെതര്‍ലാന്‍ഡ്സ്. വെള്ളിയാഴ്ച കെയര്‍ടേക്കര്‍ പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെയാണ് പ്രഖ്യാപനം നടത്തിയത്. മൂന്നാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍.
രാത്രി എട്ടു മണിക്ക് ബാറുകളും റസ്റ്ററന്‍ഡുകളും അടയ്ക്കണമെന്നാണ് നിര്‍ദേശം. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളും എട്ടു മണിക്ക് അടയ്ക്കണം. അവശ്യേതര വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ആറു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. വീട്ടില്‍ ഒരേ സമയം നാല് അതിഥികളെ മാത്രമാണ് അനുവദിക്കുക. അമേച്വര്‍, പ്രൊഫഷണല്‍ കായിക മത്സരങ്ങളെല്ലാം അടച്ചിട്ട വേദികള്‍ക്കുള്ളില്‍ നടത്തണം.
ആളുകളോട് വീടുകളില്‍ കഴിയാനും വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോവിഡ് വാക്സിനേഷന് ഏകദേശം പൂര്‍ത്തീകരിച്ച (85%) രാഷ്ട്രമാണ് നെതര്‍ലാന്‍ഡ്സ്. വാക്സിന് എടുത്തവര്‍ക്കും അല്ലാത്തവര്‍ക്കും നിയന്ത്രണങ്ങള്‍ ബാധകമാണ്.
ദിനംപ്രതി ഇരുപതിനായിരത്തോളം കോവിഡ് പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയാണ് മാസ്കും സാമൂഹിക അകലവും രാജ്യത്ത് വീണ്ടും നിര്‍ബന്ധമാക്കിയത്.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ജനങ്ങളില്‍ നിന്നുള്ള പ്രതിഷേധവും ശക്തമാണ്. നെതര്‍ലാന്‍ഡ്സിന് പുറമേ, ജര്‍മനിയും ഓസ്ട്രിയയിലും കോവിഡ് കേസുകള്‍ വര്‍ധിച്ചു വരികയാണ്. വാക്സിനെടുക്കാത്തവര്‍ക്ക് ഈയിടെ ഓസ്ട്രിയ സഞ്ചാര നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വലിയ പരിപാടികള്‍ ഒഴിവാക്കാന്‍ ജര്‍മനിയില്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും ബുദ്ധിമുട്ടേറിയ സാഹചര്യത്തിലേക്ക് നീങ്ങുകയാണെന്ന് ലോകാരോഗ്യ സംഘടനാ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ മൈക്കല്‍ റ്യാന്‍ പറഞ്ഞു. കോവിഡ് വ്യാപനം കുറയ്ക്കാന്‍ കുറച്ചു സമയത്തേക്കെങ്കിലും നിയന്ത്രണങ്ങള്‍ അനിവാര്യമാണ് എന്നും റ്യാന്‍ കൂട്ടിച്ചേര്‍ത്തു.