കണ്ണൂര്‍ കൂത്തുപറമ്പിലെ കേരള ബാങ്ക് ജപ്തി നടപടിയില്‍ സഹകരണ മന്ത്രി വി.എന്‍. വാസവന് റിപ്പോര്‍ട്ട് തേടി. സര്‍ക്കാര്‍ ജപ്തിക്ക് എതിരാണെന്നും ബാങ്കിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈടുവച്ച വസ്തു അഞ്ച് സെന്റില്‍ താഴെയാണെങ്കില്‍ ജപ്തിക്ക് മുന്‍പ് ബദല്‍ സംവിധാനം ഒരുക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂത്തുപറമ്പ് സ്വദേശി സുഹ്റയുടെ വീടാണ് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കേരള ബാങ്ക് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. വീടു നിര്‍മ്മാണത്തിനായി എടുത്ത വായ്പയില്‍ 4,30,000 രൂപ ആദ്യം തവണകളായി തിരിച്ചടച്ചെങ്കിലും പിന്നീട് മുടങ്ങി. മകളുടെ മരണവും സ്ഥിര വരുമാനമുള്ള ജോലി ഇല്ലാതിരുന്നതും വായ്പ മുടങ്ങാന്‍ കാരണവുമായിയെന്ന് സുഹ്റ പറഞ്ഞു.
2012 ല്‍ വായ്പ എടുത്ത 10 ലക്ഷം രൂപ പലിശയടക്കം ചേര്‍ത്ത് 20 ലക്ഷം രൂപയായി തിരിച്ചടയ്ക്കണമെന്നാണ് സുഹറയ്ക്ക് ലഭിച്ച കേരള ബാങ്കിന്റെ അറിയിപ്പ്.