കേരളത്തിലെ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ ഈ ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. നായ കടിച്ചാല്‍ നഷ്ടപരിഹാരം കിട്ടുമോ? ആരെ സമീപിക്കണം? തുടങ്ങിയ ചോദ്യങ്ങള്‍ സാധാരണക്കാര്‍ നിരന്തരം ചോദിക്കുകയാണ്. എന്നാല്‍ ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുന്നുമില്ല.
തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. ഇതിന്റെ മേല്‍നോട്ടത്തിനായി ഒരു കമ്മറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. നോക്കാം എന്താണ് നടപടിക്രമങ്ങളെന്ന്:
തെരുവുനായ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് 2016 ഏപ്രില്‍ 5 നാണ് ജസ്റ്റിസ് സിരി ജഗന് കമ്മിറ്റിയെ സുപ്രീം കോടതി നിശ്ചയിച്ചത്. കേരളത്തിലെ തെരുവുനായ ശല്യം രൂക്ഷമായ പശ്ചാത്തലത്തിലായിരുന്നു നടപടി. നിയമ സെക്രട്ടറിയും ആരോഗ്യവകുപ്പ് ഡയറക്ടറുമാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
എറണാകുളം നോര്‍ത്തിലുള്ള കോര്പ്പറേഷന് കെട്ടിടത്തില്‍ കഴിഞ്ഞ ആറ് വര്‍ഷമായി കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് തെരുവുനായ കടിയേല്‍ക്കുന്നവര്‍ പരാതിയുമായി സമീപിച്ചാല്‍ ആ പരാതി പരിശോധിച്ച് ആവശ്യമായ നഷ്ടപരിഹാരം നിശ്ചയിച്ച് പണം നല്‍കാനുള്ള നിര്‍ദ്ദേശം സര്‍ക്കാറിന് നല്‍കുകയാണ് കമ്മിറ്റി ചെയ്യേണ്ടത്. പരിക്കിന്റെ ആഴം, പരിക്കേറ്റവരുടെ പ്രായം, ജോലി ചെയ്യാന്‍ കഴിയാത്ത ദിവസങ്ങള്‍, അംഗവൈകല്യം സംഭവിക്കുക, ശരീരഭാഗങ്ങള്‍ വികൃതമാകുക… ഇതെല്ലാം പരിഗണിച്ചാണ് നഷ്ടപരിഹാര തുക കമ്മിറ്റി നിശ്ചയിക്കുക.
പരിക്കേല്‍ക്കുന്ന ആള് കൃത്യമായ വിവരങ്ങളും ചികിത്സാ രേഖയും വെച്ച് വെള്ളക്കടലാസില്‍ അപേക്ഷ തയ്യാറാക്കി കൊച്ചി ഓഫീസില്‍ എത്തിക്കുക മാത്രമാണ് ചെയ്യേണ്ടത്. പരാതിക്കാരന് ഒരു തവണ കമ്മിറ്റിക്ക് മുന്നില്‍ ഹിയറിംഗിനായി ഹാജരാകണം. അഭിഭാഷകന്റെ സാന്നിധ്യം ആവശ്യമില്ല. അതുകൊണ്ടു തന്നെ മറ്റ് ചെലവുകള്‍ പരാതിക്കാര്‍ക്ക് ഉണ്ടാകുകയുമില്ല. തെരുവ്നായയുടെ കടിയേറ്റവര്‍ വാക്സീന് എടുക്കുന്നത് സര്‍ക്കാര്‍ ആശുപത്രിയിലാണ്. അതിനാല്‍ ചികിത്സ സൗജന്യമായിരിക്കും. എന്നാല്‍ അത്തരം ആളുകള്‍ക്കും നഷ്ടപരിഹാരത്തിനായി കമ്മിറ്റിയെ സമീപിക്കാം. കമ്മിറ്റി നിര്‍ദ്ദേശിക്കുന്ന തുക പരാതിക്കാരന് താമസിക്കുന്ന പഞ്ചായത്ത്/ മുനിസിപ്പാലിറ്റികള്‍ ആണ് നല്‍കേണ്ടത്.
കമ്മിറ്റി നിശ്ചയിക്കുന്ന നഷ്ടപരിഹാരം നല്‍കാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തന്നെ അറിയിച്ചിട്ടുള്ളതിനാല്‍ ഈ തുകയില്‍ സര്‍ക്കാറിന് മാറ്റം വരുത്താനുമാകില്ല. എന്നാല്‍ പണം ലഭിക്കാന്‍ നിലവില്‍ 3 മുതല്‍ 4 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. പണം അനുവദിക്കാനുള്ള ഉത്തരവ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നതിലെ കാലതാമസമാണ് ഇതിന് കാരണം. ചില തദ്ദേശ സ്ഥാപനങ്ങള്‍ ഈ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിനെതിരെ ഹൈക്കോടതിയെ സീമിപിച്ചിരുന്നെങ്കിലും അത് തള്ളുകയാണ് കോടതി ചെയ്തിട്ടുള്ളത്.
ജസ്റ്റിസ് സിരി ജഗന് കമ്മിറ്റി രൂപീകരിച്ച് 6 വര്‍ഷമായിട്ടും ഇതുവരെ പരാതിയുമായി കമ്മിറ്റിയെ സമീപിച്ചത് 5,036 പേര് മാത്രമാണ്. ഇതില്‍ 881 പേര്‍ക്ക് പണം നല്കി. നായ കുറുകെ ചാടി അപകടത്തില്‍പ്പെട്ട് മരിച്ച ആള്‍ക്ക് 32 ലക്ഷം രൂപ വരെ കമ്മിറ്റി നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്.