വെഞ്ഞാറമൂട് ഇരട്ടക്കൊലക്കേസില്‍ മുഖ്യപ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൃത്യത്തില്‍ നേരിട്ട് പങ്കുവഹിച്ച സജീബ്, ഉണ്ണി എന്നിവരെയാണ് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തത്. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു തെളിവെടുപ്പ്. പ്രതികള്‍ കൃത്യം നടത്തിയ രീതികള്‍ വിശദീകരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
കൃത്യത്തില്‍ നേരിട്ട് പങ്കാളിയാകാത്ത പ്രതികളെ ഇന്നലെ ഗൂഢാലോചന നടത്തിയ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. അന്‍സാര്‍, നജീബ്, അജിത് എന്നീ പ്രതികളെയാണ് ഗൂഢാലോചന നടത്തിയ മുത്തികാവിലെ റബ്ബര്‍ എസ്റ്റേറ്റിലും ഒരുമിച്ചു കൂടിയ മാങ്കുഴിയിലും, പെട്രോള്‍ വാങ്ങിയ മാമ്മൂട്ടിലും മരുതുംമൂട് ജംഗ്ഷനിലും എത്തിച്ച് തെളിവെടുത്തത്.
ഉത്രാടദിവസം രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഹഖ് മുഹമ്മദിന്റെയും, മിഥിലാജിന്റെയും മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള കുത്താണെന്നാണ് പോസ്റ്റ്മോര്‍ട്ടം നിഗമനം. മുഖത്തും തലയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളുണ്ടായിരുന്നു. കൊലപാതക സ്ഥലത്ത് രണ്ട് കൂട്ടരും എത്തിയത് ആസൂത്രിതമായാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.