ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാരില്‍നിന്ന് ഭീഷണികളുണ്ടായെന്ന ട്വിറ്റര്‍ മുന്‍ സി.ഇ.ഒയുടെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി.
‘മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന അതിക്രൂരമായ രീതി. വിയോജിപ്പുകളെ ഭയപ്പെടുത്തുന്നു, മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നു, അവരെ അധിക്ഷേപിക്കുകയും ചെയ്യുകയും തെറ്റായ കാരണങ്ങള്‍ പറഞ്ഞ് ജയിലിലടക്കുകയും ചെയ്യുന്നു. എത്ര നിഷേധിച്ചാലും മോദി സര്‍ക്കാര്‍ മാധ്യമ ഉള്ളടക്കത്തെ കയ്യടക്കുന്നുണ്ടെന്ന സത്യം മറച്ചുവെക്കാനാകില്ല’ യെച്ചൂരി ട്വീറ്റ് ചെയ്തു.
നിഷേധങ്ങളും ഭീഷണിയുമാണ് മോദി സര്‍ക്കാരിന്റെ തുടര്‍ച്ചയായ ശൈലി. കര്‍ഷകരുടെ ഐതിഹാസികമായ സമരത്തെ ലാത്തിചാര്‍ജ് കൊണ്ടും മറ്റും എങ്ങനെ നേരിട്ടുവെന്ന് നാം കണ്ടതാണ്. ഒടുവില്‍ മോദിക്ക് പിന്‍വാങ്ങേണ്ടി വന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.