ആലുവ: ആലുവയില്‍ ആറംഗ ഗുണ്ടാസംഘം ആയുധങ്ങളുമായെത്തി മാദ്ധ്യമ പ്രവര്‍ത്തകയുടെ വീട് തല്ലിത്തകര്‍ത്തതിന്റെ ആഘാതം വിട്ടൊഴിയാതെ നാട്ടുകാര്‍. ജില്ലാ പൊലിസ് ആസ്ഥാനത്തിന് വിളിപ്പാടകലെയാണ് പട്ടാപകല്‍ അക്രമികള്‍ അഴിഞ്ഞാടിയത്. അക്രമിക്കപെട്ടവര് പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുന്നതിനിടെ രണ്ടാമതും വീടിന് നേരെ ആക്രമം അഴിച്ചുവിട്ടതോടെ സമീപവാസികള്‍ പരിഭ്രാന്തിയിലാവുകയായിരുന്നു.
പൊലിസിന്റെ നിസംഗത തന്നെയാണ് രണ്ടുവട്ടവും നടന്ന അക്രമത്തിലേക്ക് വഴിവച്ചത്. ക്രിത്യമായി തുടര്‍നടപടികള്‍ സ്വീകരിക്കാതിരുന്ന പൊലിസിന് നേരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ആദ്യം വീടുകയറി ആക്രമിച്ചത് അറിയിച്ചിട്ടും പോലീസ് വേണ്ട നടപടികള്‍ എടുക്കാത്തതു കൊണ്ടാണ് രണ്ടാമതും ആക്രമണം നടന്നത്. ഇതില്‍ പോലീസിന്റെ ഭാഗത്തുനിന്നും ഗുരുതരമായ വീഴ്ച സംഭവിച്ചു.
കലാകൗമുദി ആലുവ ലേഖിക തായിക്കാട്ടുകര, ശ്രീനാരായണപുരം, കാട്ടൂപ്പറമ്പില്‍ ജിഷാ ബാബുവിന്റെ വീട്ടില്‍ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് ആദ്യ ആക്രമണം നടന്നത്. ജിഷയും ഇളയമകന് വിപിനും പുറത്തുപോയിരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്ന മൂത്തമകന് ജിതിന് മുകളിലെ നിലയില്‍ വാതില്‍ പൂട്ടിയിട്ടിരുന്നതിനാലാണ് ആക്രമണത്തിന് ഇരയാകാതിരുന്നത്.സ്റ്റേഷനിലെത്തി മൊഴി നല്‍കുന്നതിനിടെയാണ് നാലരയോടെ ഇതേസംഘം വീണ്ടും ആക്രമിച്ചത്.
വീടിന്റെ നാലുവശത്തെയും ജനല്‍ ഗ്ളാസുകള്‍ പൂര്‍ണമായി തകര്‍ത്ത അക്രമികള്‍ ടൈല്‍സുകളും കുത്തിപൊളിച്ചു. വീട്ടുമുറ്റത്തിരുന്ന നാല് ഇരുചക്ര വാഹനങ്ങളും തകര്‍ത്തു. മുന്‍വശത്തെ വാതിലും തകര്‍ത്ത് അകത്ത് കടന്ന പ്രതികള്‍ കിടപ്പുമുറിയിലെ മേശയില്‍ നിന്നും 1.25 ലക്ഷത്തോളം രൂപയും രണ്ട് മോതിരവും കവര്‍ന്നതായി ജിഷ ബാബു പറഞ്ഞു.
ആക്രമണം നടത്തിയ കേസില്‍ നാല് പേര് അറസ്റ്റില്‍.
ആലുവ നസ്രത്ത് റോഡില്‍ രാജേഷ് നിവാസില്‍ രാജേഷ് (കൊച്ചമ്മാവന് രാജേഷ് 44 ), പൈപ്പ് ലൈന്‍ റോഡില്‍ മാധവപുരം കോളനിയ്ക്ക് സമീപം പീടിക പറമ്പില്‍ വീട്ടില്‍ ജ്യോതിഷ് (36), പൈപ്പ് ലൈന്‍ റോഡില്‍ മേയ്ക്കാട് വീട്ടില്‍ രഞ്ജിത്ത് (36), മാധവപുരം കോളനി ഭാഗത്ത് മെല്ബിന് (43) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.