മുഖ്യമന്ത്രിക്ക് മറുപടിയുമായി തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. പിടി തോമസ് അഭിമാനമാണെന്ന് ഉമ തോമസ് പറഞ്ഞു. അതു കൊണ്ടാണ് രാജകുമാരനെ പോലെ യാത്രയാക്കിയത്. അബദ്ധം പറ്റിയത് പിണറായിക്കാണ്. വ്യക്തിപരമായ ആക്ഷേപങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഉമ പറഞ്ഞു. തൃക്കാക്കരയ്ക്ക് അബദ്ധം പറ്റിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനാണ് മറുപടി.
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹവും ദുഖകരവും ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണ്. പിടിയെ പോലൊരാളുടെ നഷ്ടത്തെ സുവര്‍ണാവസരമായി കാണാന്‍ ഒരു മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. മരണത്തെ അദ്ദേഹം ആഘോഷമാക്കി മാറ്റുകയാണോ. പിടി തൃക്കാക്കരയുടെ അഭിമാനമായിരുന്നു. പിടിയെ തൃക്കാക്കരക്കാര്‍ക്ക് അറിയാവുന്നത് കൊണ്ടാണ് രണ്ടാം വട്ടവും ഏറെ പ്രതികൂലമായ സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഭൂരിപക്ഷം വര്‍ധിപ്പിപ്പ് തൃക്കാക്കരയിലെ ജനങ്ങള്‍ വിജയിപ്പിച്ചത്.
പിടിയുടെ മരണം സുവര്‍ണാവസരമായി മുഖ്യമന്ത്രി കാണുമ്പോള്‍ കേരളീയര്‍ അത് നഷ്ടമായാണ് കാണുന്നത്. അത് കേരള ജനത പ്രകടിപ്പിക്കുന്നത് നാം കണ്ടതുമാണ്. തൃക്കാക്കരയില്‍ നടക്കുന്നത് സഹതാപത്തിന്റെ പോരാട്ടമല്ല. രാഷ്ട്രീയ പോരാട്ടമാണ്. പിടിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്നേഹം തൃക്കാക്കരക്കാര്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യുമെന്നും ഉമ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരാമര്‍ശം ശുദ്ധ അസംബന്ധമാണെന്ന് ഹൈബി ഈഡന് പ്രതികരിച്ചു. കേവലം ഉപ തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഇങ്ങനെയൊക്കെ പറയുന്നത് അംഗീകരിക്കാനാവില്ല. പിടി തോമസ് പൊതു സ്വീകാര്യനായ നേതാവാണ് എന്നും ഹൈബി പറഞ്ഞു.