തൃക്കാക്കരയിലെ ജനങ്ങള്‍ക്ക് സംഭവിച്ച തെറ്റ് തിരുത്താനുള്ള സൗഭാഗ്യ നിമിഷമാണ് ഉപതെരഞ്ഞെടുപ്പ് എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പരാര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിടി തോമസിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന തെരഞ്ഞടുപ്പിനെ സൗഭാഗ്യമായി കാണണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണ്. മരിച്ചിട്ടും പിടിയെ അവഹേളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കെ വി തോമസുമായി മുഖ്യമന്ത്രി കരാര്‍ ഉണ്ടാക്കി. ആ കരാര്‍ പാലിക്കുക മാത്രമാണ് കെ വി തോമസ് ചെയ്തിരിക്കുന്നത്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് കെ വി തോമസ് കാണിച്ചത് നന്ദികേടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസും എംപി ഹൈബി ഈഡനും മുഖ്യമന്ത്രിക്ക് എതിരെ രംഗത്തെത്തിയിരുന്നു. പിടി തോമസിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായിരുന്നു പിടി തോമസിന്റെ രണ്ടാം വിജയം. അത് അബദ്ധമാണെന്ന് പറയുന്നത് തൃക്കാക്കരക്കാരെ ഒന്നടങ്കം അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉമാ തോമസ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യം എന്ന് പറയുന്നത് തന്നെ ശുദ്ധ അസംബന്ധമാണ്. പി ടി തോമസിനെപ്പോലെ കേരളത്തിന്റെ പൊതുവായ സ്വത്ത്, കേരളത്തിന്റെ നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ പറഞ്ഞത് അദ്ദേഹം വിലയേറിയ മുതല്‍ക്കൂട്ടാണെന്നാണ്. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസമാവാം. ഒരാളുടെ മരണത്തെ സൗഭാഗ്യമാണ് എന്ന് പറയുന്നത് തൃക്കാക്കരയിലെ ജനങ്ങള്‍ എങ്ങനെ നോക്കിക്കാണും എന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നായിരുന്നു ഹൈബി ഈഡന്റെ പ്രതികരണം.